തിരുവനന്തപുരം: സുപ്രീംകോടതി വിധിച്ചിട്ടും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ടി.പി.സെന്‍കുമാറിന് ഡി.ജി.പി സ്ഥാനം നല്‍കാതെ നീട്ടിക്കൊണ്ടു പോകുന്നത് നിയമവ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ കത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
ഏപ്രില്‍ 24നാണ് രാജ്യത്തെ പരമോന്നത നീതി പീഠത്തില്‍ നിന്ന് വിധിയുണ്ടായത്. ഹര്‍ജിക്കാരനെ ക്രമസമാധാനച്ചുമതലയോടെ പൊലീസ് മേധാവിയായി നിയമിക്കണമെന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടമില്ലാത്ത വിധം സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നിട്ടും ഇത്രയും ദിവസം കഴിഞ്ഞിട്ടും സെന്‍കുമാറിന് നിയമനം നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ല. നീതിന്യായം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പ്രകടിപ്പിക്കുന്ന ഈ അനാസ്ഥ ജനങ്ങള്‍ക്കിടയില്‍ സംശയം ഉളവാക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളുവെന്നും കത്തിൽ ചെന്നിത്തല ചൂണ്ടിക്കാട്ടി.
പൊലീസ് സേനയില്‍ വിഭാഗീയതയ്ക്കും ഇത് വഴി ഒരുക്കും. ഇത് പൊതുസമൂഹത്തിനുണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കും.
ഡി.ജി.പിയായിട്ടുള്ള ലോക്‌നാഥ് ബഹ്‌റയുടെ നിയമനം സുപ്രീംകോടതി അസ്ഥിരപ്പെടുത്തിയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ അദ്ദേഹം ഇപ്പോഴും സ്ഥാനത്ത് തുടരുകയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുന്നത് കോടതിയലക്ഷ്യവും നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണ്. അതിനാല്‍ സെന്‍കുമാറിനെ സുപ്രീംകോടതി വിധി മാനിച്ചുകൊണ്ട് അടിയന്തിരമായി ഡി.ജി.പി സ്ഥാനത്ത് വീണ്ടും നിയമിക്കണമെന്ന് രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.