കാക്കനാട്: മൂന്നുവയസ്സുകാരിയെ ഗുരുതര പരിക്കേറ്റ് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ കുഞ്ഞിന്‍റെ മാതൃ സഹോദരിയെയും പുരുഷ സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ഇരുവരുടെയും മൊഴിയിൽ സംശയിക്കത്തക്കതായി ഒന്നുമില്ലെന്ന കണ്ടെത്തലിലാണ് നടപടി.
മാതൃസഹോദരിയുടെ 10 വയസ്സുകാരനായ മകനെ മൊഴി രേഖപ്പെടുത്താൻ ശിശു സംരക്ഷണ സമിതിക്ക് കൈമാറി. വ്യാഴാഴ്ച പുലർച്ചയാണ് മൈസൂരുവിൽനിന്ന് മൂവരെയും തൃക്കാക്കര പൊലീസ് കണ്ടെത്തിയത്. അതേസമയം, പരിക്കേറ്റ കുഞ്ഞിനെക്കുറിച്ച് അമ്മ ഉൾപ്പെടെയുള്ളവർ പറഞ്ഞ കാര്യങ്ങളുടെ ശാസ്ത്രീയവശം തേടുന്നതും അധികൃതരുടെ പരിഗണനയിലുണ്ട്.
ഹൈപർ ആക്ടിവ് ആയ കുഞ്ഞ് മൂന്നുമാസത്തോളമായി അസ്വാഭാവികമായി പെരുമാറുകയാണെന്നും പരിക്കുകളും മുറിവുകളും പൊള്ളലേറ്റ അടയാളങ്ങളും കുട്ടി സ്വയം ഉണ്ടാക്കിയതാണെന്നുമായിരുന്നു ഇവരുടെ വാദം. മൂന്ന് വയസ്സുള്ള കുട്ടിക്ക് സ്വയം ഇതുപോലൊക്കെ ചെയ്യാനാകുമോ എന്ന് കണ്ടെത്താനാണ് ശാസ്ത്രീയവശം തേടാൻ തീരുമാനിച്ചത്.
വെള്ളിയാഴ്ച രാവിലെ മുതൽ മാതൃസഹോദരിയെയും സുഹൃത്തിനെയും ചോദ്യം ചെയ്തെങ്കിലും കുഞ്ഞിന്‍റെ മാതാവും മുത്തശ്ശിയും പറഞ്ഞ കാര്യങ്ങൾ ശരിവെക്കുന്ന മൊഴികളാണ് ഇവർ നൽകിയത്. പ്രത്യേകിച്ച് തെളിവൊന്നും ലഭിക്കാതെ വന്നതോടെയാണ് വൈകുന്നേരത്തോടെ ഇരുവരെയും പറഞ്ഞയച്ചത്.
ശിശുസംരക്ഷണ സമിതിയെ ഏൽപിച്ച 10 വയസ്സുകാരന്‍റെ മൊഴിയാകും കേസിൽ ഏറ്റവും നിർണായകമാവുക. മറ്റുള്ളവർ ആസൂത്രിതമായി കളവു പറയുന്നതാണോ എന്ന തുടക്കം മുതലുള്ള സംശയം തീർപ്പാക്കാനും സംഭവത്തിന് നിജസ്ഥിതി വ്യക്തമാക്കാനും കുട്ടിയുടെ മൊഴി ഉപകാരപ്പെടുമെന്നാണ് പൊലീസിന്‍റെ കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.