തിരുവനന്തപുരം: കോവിഡ് വന്നുപോയതിലൂടെയും വാക്സിൻ സ്വീകരിച്ചതിലൂടെയും സമൂഹം കൈവരിച്ച പ്രതിരോധമറിയാൻ കേരളം ആരംഭിച്ച സിറോ സർവേ പഠനം പൂർത്തിയായി. 13,875 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്. ജില്ലകളിൽ നിന്നുള്ള വിവരം ആരോഗ്യ സെക്രട്ടറിയുടെ ഓഫിസിൽ ക്രോഡീകരിച്ച് ഫലം സർക്കാർ ഉടൻ പ്രഖ്യാപിക്കും. സെപ്റ്റംബർ നാലുമുതലാണ് സാമ്പിൾ ശേഖരണം തുടങ്ങിയത്. ചൊവ്വാഴ്ച പൂർത്തിയാക്കാനാണ് ആദ്യം നിർദേശം നൽകിയിരുന്നതെങ്കിലും, നിപ ബാധയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലക്ക് ഇളവ് അനുവദിച്ചിരുന്നു.
അതിനാലാണ് പഠനം പൂർത്തിയാക്കാൻ രണ്ട് ദിവസംകൂടി വേണ്ടിവന്നത്. ഐ.സി.എം.ആർ നേരത്തെ നടത്തിയ സിറോ സർവേ പ്രകാരം കേരളത്തിൽ 42.07 ശതമാനം പേരിൽ ആൻറിബോഡി കണ്ടെത്തിയിരുന്നു.
18 വയസ്സിന് മുകളിലുള്ളവർ, ഗർഭിണികൾ, അഞ്ചിനും 17 വയസ്സിനും ഇടയിലുള്ളവർ, ആദിവാസികൾ, തീരദേശവാസികൾ, ചേരിനിവാസികൾ എന്നിവരിലാണ് റാൻഡം പരിശോധന നടത്തിയത്. കുട്ടികളിൽ ഉൾപ്പെടെ ആദ്യമായി ആൻറിബോഡി സാന്നിധ്യം കണ്ടെത്താൻ നടത്തിയ പരിശോധനയാണിത്. സ്കൂൾ തുറക്കുന്നതിനുൾപ്പെടെ സർവേഫലം നിർണായകമാണ്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ സാമ്പിളുകൾ ശേഖരിച്ചത്. കുറവ് പത്തനംതിട്ടയിലും.
ആയിരത്തിൽ താഴെ സാമ്പിളുകൾ ശേഖരിച്ച ജില്ലകളിൽ പരിശോധന പൂർത്തിയായി. തിരുവനന്തപുരം 1472, കൊല്ലം 1200, പത്തനംതിട്ട 34, ആലപ്പുഴ 748, കോട്ടയം 588, ഇടുക്കി 526, എറണാകുളം 1362, തൃശൂർ 1344, പാലക്കാട് 868, മലപ്പുറം 1294, കോഴിക്കോട് 1354, വയനാട് 805, കണ്ണൂർ 1247, കാസർകോട് 721. ശേഖരിച്ച സാമ്പിളുകളുടെ പരിശോധന മൂന്ന് കേന്ദ്രങ്ങളിലായാണ് നടക്കുക. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ സാമ്പിളുകൾ തിരുവനന്തപുരം പബ്ലിക് ലാബിലും കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലേത് കോട്ടയം ജനറൽ ആശുപത്രിയിലും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലേത് കോഴിക്കോട് പബ്ലിക് ലാബിലുമാണ് പരിശോധിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.