നാലാം ശനി അവധി, ആശ്രിത നിയമനം: നിർദേശത്തിനെതിരെ സംഘടനകൾ

തിരുവനന്തപുരം: ആശ്രിത നിയമനം നിയന്ത്രിക്കാനുള്ള സർക്കാർ നിർദേശം ജീവനക്കാരുടെ സംഘടനകൾ എതിർത്തു. നാലാം ശനിയാഴ്ച അവധി ദിനമാക്കുമ്പോൾ പകരം കാഷ്വൽ അവധി കുറക്കുമെന്ന വ്യവസ്ഥയോടും ജീവനക്കാർ യോജിച്ചില്ല. രണ്ട് വിഷയങ്ങളും ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി വി.പി. ജോയ് വിളിച്ച സർവിസ് സംഘടനകളുടെ യോഗം തീരുമാനമാകാതെ പിരിഞ്ഞു. ചർച്ചയുടെ വിശദാംശം ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ അറിയിക്കും.

നാലാം ശനിയാഴ്ച അവധി നൽകുന്നതിന് പകരം അഞ്ച് കാഷ്വൽ അവധികൾ കുറക്കുമെന്നും പ്രവൃത്തി ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവുമായി 15 മിനിറ്റ് അധികം ജോലി ചെയ്യണമെന്നുമാണ് ചീഫ് സെക്രട്ടറി മുന്നോട്ടുവെച്ച നിർദേശം. ഇത് ജീവനക്കാരുടെ സംഘടനകൾ എതിർത്തു.

നാലാം ശനിയാഴ്ച പ്രവൃത്തി ദിനമാക്കുമ്പോൾ 12 അവധി ലഭിക്കുമെന്നാണ് സർക്കാർ കണക്കാക്കുന്നത്. നിലവിൽ 20 കാഷ്വൽ അവധി ജീവനക്കാർക്ക് ലഭിക്കുന്നുണ്ട്. ഇത് 15 ആയി കുറക്കണമെന്നാണ് സർക്കാർ നിലപാട്. ഇതിനോട് ജീവനക്കാർ യോജിച്ചില്ല. കാഷ്വൽ അവധി കുറയ്ക്കാതെയും പ്രവൃത്തി സമയം കൂട്ടാതെയും ഇത് നടപ്പാക്കണമെന്ന അഭിപ്രായമാണ് ജീവനക്കാരുടെ സംഘടനകൾ പൊതുവെ ഉയർത്തിയത്.

എല്ലാ ശനിയാഴ്ചയും അവധിയാക്കിയാൽ പ്രവൃത്തി സമയം വർധിപ്പിക്കാമെന്ന നിർദേശം സെക്രട്ടേറിയറ്റ് അസോസിയേഷൻ മുന്നോട്ടുവെച്ചു. പ്രാദേശികമായി വരുന്ന അവധികൾ കുറയ്ക്കണമെന്ന നിർദേശം ജോയന്‍റ് കൗൺസിലും ഉന്നയിച്ചു.

ആശ്രിത നിയമനം നിയന്ത്രിക്കുന്നതിനെ ഭരണ-പ്രതിപക്ഷ ഭേദമന്യേ ജീവനക്കാർ ഒരുപോലെ എതിർത്തു. ആശ്രിത നിയമനം അഞ്ച് ശതമാനമായി പരിമിതപ്പെടുത്തണമെന്നാണ് നിർദേശം. ഒരു വർഷത്തിനകം ജോലി സ്വീകരിക്കാവുന്നവർക്ക് മാത്രമായി ആശ്രിത നിയമനം പരിമിതപ്പെടുത്തണമെന്നും മറ്റുള്ളവരുടെ ആശ്രിതർക്ക് പത്ത് ലക്ഷം രൂപ ധനസഹായം നൽകണമെന്ന നിർദേശം അംഗീകരിക്കാനാകില്ലെന്നും നിലവിലെ രീതി തുടരണമെന്നും ആവശ്യപ്പെട്ടു.

ജോലിയോ പത്ത് ലക്ഷം രൂപയോ ഏതെങ്കിലും ഒന്ന് സ്വീകരിക്കാൻ ആശ്രിതന് അവസരം നൽകണമെന്ന നിർദേശവും ചിലർ ഉന്നയിച്ചു. സംഘടനകളോട് അഭിപ്രായങ്ങൾ എഴുതി നൽകാൻ ചീഫ് സെക്രട്ടറി ആവശ്യപ്പെടുകയായിരുന്നു.

Tags:    
News Summary - Service organizations rejects fourth saturday leave proposal and Compassionate appointment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.