ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാന്‍ സിനിമക്കെതിരായ വിമര്‍ശനങ്ങളില്‍ മറുപടിയുമായി സംവിധായകന്‍ വിഷ്ണു മോഹന്‍. സിനിമ ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതായും ഹിന്ദുത്വ സംഘടനയെ വെള്ളപൂശുന്നതായും സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനാണ് സംവിധായകന്‍ മറുപടി നല്‍കിയിരിക്കുന്നത്. ചിത്രീകരണ സമയത്ത് കോവിഡ് ആയതിനാല്‍ ആംബുലന്‍സുകളെല്ലാം തിരക്കിലായിരുന്നുവെന്നും ഷൂട്ടിന് ആംബുലന്‍സ് നല്‍കാന്‍ തയ്യാറായവര്‍ വലിയ തുക ചോദിച്ച സമയത്ത് സൗജന്യമായി സേവാ ഭാരതി ആംബുലന്‍സ് നല്‍കാന്‍ തയ്യാറായതോടെയാണ് സിനിമയില്‍ അത് ഉപയോഗിച്ചതെന്ന് വിഷ്ണു മോഹന്‍ പറഞ്ഞു.
സേവാഭാരതിയെ സംവിധായകന്‍ വിഷ്ണു മോഹന്‍ പുകഴ്ത്തുകയും ചെയ്തു. സേവാഭാരതി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അറിയപ്പെടുന്ന എന്‍.ജി.ഒ ആണെന്നും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ എന്‍.ജി.ഒ ഒന്നുമല്ലാത്ത സ്ഥിതിക്ക് അവരുടെ ആംബുലന്‍സ് ഉപയോഗിക്കുന്നതില്‍ എന്താണ് തെറ്റെന്നും വിഷ്ണു ചോദിച്ചു. ഇനി നാളെ പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുന്നതിനെ പറ്റി ഒരു സിനിമ ചെയ്യുമ്പോള്‍ ഈ സേവാഭാരതിയെ ഒഴിച്ചുനിര്‍ത്താന്‍ പറ്റില്ലല്ലോ. കേരളത്തില്‍ ആര്‍ക്കാണ് ഇതെല്ലാം അറിയാത്തത്. ഇവിടുത്തെ മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തതല്ലേ.
എല്ലാ ദുരന്തങ്ങള്‍ ഇവിടെ സംഭവിക്കുമ്പോഴും പൊലീസും ഫയര്‍ഫോഴ്സും കഴിഞ്ഞാല്‍ ഞാന്‍ മുന്നില്‍ കണ്ടിട്ടുള്ള സംഘടനയാണ് സേവാഭാരതി. ഇവരെ ഒഴിച്ചുനിര്‍ത്തി എങ്ങനെ സിനിമ ചെയ്യാന്‍ പറ്റും. ഒരു ആംബുലന്‍സ് ഉപയോഗിച്ചതിനെ കുറിച്ച് ആളുകള്‍ ഇങ്ങനെ പറയാന്‍ നിന്നാല്‍ അങ്ങനെയൊക്കെ ചിന്തിച്ചാല്‍ ഇവിടെ സിനിമ ചെയ്യാന്‍ പറ്റില്ല- വിഷ്ണു പറഞ്ഞു.
നേരരത്തെ ബി.ജെ.പി നേതാക്കളായ ഒ. രാജഗോപാല്‍, കെ സുരേന്ദ്രന്‍ എന്നിവരോടൊപ്പമുള്ള വിഷ്ണു മോഹന്‍റെ ചിത്രങ്ങള്‍ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. നിരവധി ബി.ജെ.പി വേദികളില്‍ വിഷ്ണു മോഹന്‍ പങ്കെടുത്തതിന്‍റെ ഫോട്ടോകളും പുറത്തുവന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് മേപ്പടിയാനിലെ ഹിന്ദുത്വ ആശയ പ്രചരണത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നത്.
ഉണ്ണി മുകുന്ദന്‍റെ നിർമ്മാണ കമ്പനിയായ ഉണ്ണി മുകുന്ദൻ ഫിലിംസ് (UMF) ആണ് മേപ്പടിയാന്‍ നിർമിച്ചിരിക്കുന്നത്. അഞ്ജു കുര്യന്‍ ആണ് നായിക. ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വർഗീസ്, വിജയ് ബാബു, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത് രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി, ജോർഡി പൂഞ്ഞാർ, പൗളി വത്സൻ, മനോഹരിയമ്മ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
സംവിധായകന്‍ വിഷ്ണു മോഹന്‍റെ വാക്കുകള്‍:
ഈ സിനിമയിലെ നിസാര കാര്യങ്ങളാണ് പ്രശ്നമാക്കി കൊണ്ടിരിക്കുന്നത്. ഇതിനകത്ത് സേവാഭാരതി എന്ന എന്‍.ജി.ഒയുടെ ആംബുലന്‍സ് ഉപയോഗിച്ചിട്ടുണ്ട്. ഈ ആംബുലന്‍സ് ഉപയോഗിച്ചതാണ് വലിയ പ്രശ്നം. ഇതിന് രണ്ട് വശമുണ്ട്. ഒന്ന് കോവിഡിന്‍റെ ഫസ്റ്റ് ലോക്ഡൗണിന് ശേഷമാണ് ഈ സിനിമ ഷൂട്ട് ചെയ്യുന്നത്. ഷൂട്ട് ചെയ്യുന്ന സമയത്ത് കോവിഡ് ആയതിനാല്‍ ആംബുലന്‍സുകളെല്ലാം തിരക്കിലായിരുന്നു, കിട്ടാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. പിന്നെ പലരോടും ചോദിച്ചപ്പോള്‍ ആംബുലന്‍സുകള്‍ക്ക് 12000-15000 ഒരു ദിവസ വാടക പറഞ്ഞു. 12-13 ദിവസം ഷൂട്ടിന് വേണ്ടി ഈ ആംബുലന്‍സ് വേണ്ടിവന്നിരുന്നു.
ആ സമയത്ത് എനിക്ക് സൗജന്യമായി ആംബുലന്‍സ് തന്നത് സേവാഭാരതിയാണ്. അതുകൊണ്ടാണ് സേവാഭാരതി ആംബുലന്‍സ് സിനിമയില്‍ ഉപയോഗിച്ചത്. അതവരുടെ സ്വന്തം ആംബുലന്‍സാണ്. ഞങ്ങള്‍ സ്റ്റിക്കര്‍ ഒട്ടിച്ചതൊന്നുമല്ല. അതുകൊണ്ടാണ് താങ്ക്സ് കാര്‍ഡില്‍ സേവാഭാരതി കൊടുത്തിരിക്കുന്നത്. താങ്ക്സ് കാര്‍ഡില്‍ കൊടുത്തതൊക്കെയാണ് ആളുകള്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്. ഇതാണ് ഒരു വശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.