നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ ഏഴ് വൻ പദ്ധതികൾക്ക് തിങ്കളാഴ്ച തുടക്കമാകും. ഇറക്കുമതി കാർഗോ ടെർമിനൽ, ഡിജി യാത്ര, എയർപോർട്ട് എമർജൻസി സർവിസ് എന്നിവയുടെ ഉദ്ഘാടനവും രാജ്യാന്തര ടെർമിനൽ വികസനം, എയ്റോ ലോഞ്ച്, ഗോൾഫ് ടൂറിസം, ഇലക്ട്രോണിക് സുരക്ഷാവലയം എന്നിവയുടെ നിർമാണ പ്രവർത്തനോദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ വൈകീട്ട് 4.30ന് നിർവഹിക്കും.
നിലവിലെ രാജ്യാന്തര ടെർമിനലിന്റെ വടക്കുഭാഗത്തുകൂടി 15 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ ഏപ്രൺ നിർമിക്കും. എട്ട് പുതിയ എയറോ ബ്രിഡ്ജുകൾ വരും. വിമാന പാർക്കിങ് ബേയുടെ എണ്ണം 44 ആയും ഉയരും. ഇറക്കുമതി കാർഗോ ടെർമിനൽ വരുന്നതോടെ സിയാലിന്റെ പ്രതിവർഷ കാർഗോ കൈകാര്യം ചെയ്യൽ ശേഷി രണ്ട് ലക്ഷം മെട്രിക് ടണ്ണായി ഉയരും. നിലവിലെ കാർഗോ സ്ഥലം പൂർണമായും കയറ്റുമതി ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തും.
വിമാനത്താവള അഗ്നിരക്ഷാസേനയെ എയർപോർട്ട് എമർജൻസി സർവിസ് എന്ന നിലയിലേക്ക് ആധുനീകരിക്കും. ഓസ്ട്രിയൻ നിർമിത രണ്ട് ഫയർ എൻജിനും എത്തിച്ചേരും. ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം അടിസ്ഥാന സൗകര്യവികസനത്തിന് ഊന്നൽ നൽകുകയെന്ന ലക്ഷ്യവുമാണ് പുതിയ പദ്ധതിയിലൂടെ നടപ്പാക്കുന്നതെന്ന് സിയാൽ എം.ഡി എസ്. സുഹാസ് പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ പി. രാജീവ്, കെ. രാജൻ, പി.എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവരും സംബന്ധിക്കും. സിയാലിന് ഇനി അത്യാധുനിക ഇലക്ട്രോണിക് സുരക്ഷാവലയമുണ്ടാകും. ഇതിന്റെ ഭാഗമായി പെരിമീറ്റർ ഇൻട്രൂഷൻ ഡിറ്റക്ഷൻ സംവിധാനമാണ് ഒരുക്കുന്നത്. വിമാനത്താവളത്തിന്റെ 12 കിലോമീറ്ററോളം വരുന്ന സുരക്ഷാമതിലിൽ മാരകമാകാത്തവിധമുള്ള വൈദ്യുതി വേലിയും ഫൈബർ ഒപ്റ്റിക് വൈബ്രേഷൻ സെൻസറും തെർമൽ കാമറകളും സ്ഥാപിക്കും. ഇതിനെ സിയാലിന്റെ സെക്യൂരിറ്റി ഓപറേഷൻസ് കൺട്രോൾ കേന്ദ്രവുമായി ബന്ധിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.