തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് തുടക്കമായി. വിലക്കയറ്റത്തിന് കാരണം കേന്ദ്ര സർക്കാരാണെന്നും വിലക്കയറ്റം കുറക്കാൻ സർക്കാർ ഇടപെടുന്നുണ്ടന്നും ഭക്ഷ്യ മന്ത്രി ജി. ആർ അനിൽ ഉന്നയിച്ചു. 'വിലക്കയറ്റം പിടിച്ചു നിർത്താൻ കേരളത്തിന് കഴിഞ്ഞു. റേഷൻ കടകൾ പലതും സ്ഥല പരിമിതിയിലാണ് പ്രവർത്തിക്കുന്നത്. ഇത്തരത്തിലുള്ള 3330 കടകൾ കേരളത്തിലുണ്ട്. അവർക്ക് പുതിയ കട തുടങ്ങാൻ ലോൺ അനുവദിക്കും'. റേഷൻ വ്യാപാരികളുടെ കമീഷൻ വെട്ടിക്കുറച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
നിയമനിർമാണത്തിന് മാത്രമായി ചേരുന്ന സഭ ഒമ്പത് ദിവസത്തേക്കാണ് സമ്മേളിക്കുന്നത്. ഗവർണറെ ചാൻസലർ പദവിയിൽ നിന്നും നീക്കാനുള്ള ബിൽ ഈ സമ്മേളനത്തിൽ സഭയിൽ അവതരിപ്പിക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി എട്ട് ബില്ലുകൾ സഭ പരിഗണിക്കും.
സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാൻ വേണ്ടിയുള്ള ബിൽ പാസ്സാക്കുകയാണ് സമ്മേളനത്തിൻറെ പ്രധാന അജണ്ട സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബിൽ സർക്കാർ കൊണ്ടു വരുന്നത്. അതിന് സർക്കാരിന് വ്യക്തമായ കാരണങ്ങൾ നിരത്താനുമുണ്ട്. അതേസമയം, നിയമസഭ സ്പീക്കർ പാനലിൽ മുഴുവൻ വനിതകളെ പരിഗണിച്ചതും ശ്രദ്ധേയമായി. ഭരണപക്ഷത്തുനിന്നും യു. പ്രതിഭ, സി.കെ ആശ എം.എൽ.എമാരും പ്രതിപക്ഷത്തുനിന്നും കെ.കെ രമ എം.എൽ.എ എന്നിവരാണ് പാനലിലുള്ളത്. സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും അസാന്നിധ്യത്തിൽ സഭയെ നിയന്ത്രിക്കുന്നതിനാണ് സ്പീക്കർ പാനൽ നിയമിക്കുന്നത്. കേരള നിയമസഭയിൽ ആദ്യമായാണ് സ്പീക്കർ പാനലിൽ മുഴുവൻ വനിതകൾ വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.