തിരുവനന്തപുരം: പുതുക്കാട്-ഇരിഞ്ഞാലക്കുട സെക്ഷനിൽ പാലം നവീകരണ ജോലി നടക്കുന്നതിനാൽ ശനിയും ഞായറും ട്രെയിൻ ഗതാഗത നിയന്ത്രണം. മാവേലി എക്സ്പ്രസ് അടക്കം എട്ട് ട്രെയിനുകൾ പൂർണമായും മലബാർ അടക്കം 12 വണ്ടികൾ ഭാഗികമായും റദ്ദാക്കി. രണ്ട് ട്രെയിനുകൾ ഈ ദിവസങ്ങളിൽ കേരളത്തിലെ സ്റ്റോപ്പുകൾ ഒഴിവാക്കി വഴിതിരിച്ചുവിടും.
ഇന്നത്തെ നിയന്ത്രണം:
മംഗളൂരു-തിരുവനന്തപുരം മാവേലി (16603), എറണാകുളം-ഷൊർണൂർ മെമു (06018), എറണാകുളം-ഗുരുവായൂർ എക്സ്പ്രസ് (06448) എന്നിവയാണ് പൂർണമായും റദ്ദാക്കിയത്. ശനിയാഴ്ച ഉച്ചക്ക് 12.25ന് മംഗളൂരുവിൽനിന്ന് പുറപ്പെടേണ്ട മംഗളൂരു-തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് (16348) ഏഴ് മണിക്കൂർ വൈകി 9.25നേ യാത്ര തുടങ്ങൂ.
ഇന്ന് ഭാഗികമായി റദ്ദാക്കിയവ
മംഗളൂരു-തിരുവനന്തപുരം മലബാർ (16630) ശനിയാഴ്ച ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും. ശനിയാഴ്ചയിലെ ഗുരുവായൂർ-ചെന്നൈ എഗ്മോർ (16128) ഗുരുവായൂരിന് പകരം എറണാകുളത്തുനിന്ന് ഞായറാഴ്ച പുലർച്ചെ 1.20നാകും യാത്ര ആരംഭിക്കുക. തിരുവനന്തപുരം-ഗുരുവായൂർ ഇന്റർസിറ്റി (16342) എറണാകുളത്തും മധുര-ഗുരുവായൂർ എക്സ്പ്രസ് (16327) ആലുവയിലും കാരയ്ക്കൽ-എറണാകുളം ജങ്ഷൻ എക്സ്പ്രസ് (16187) പാലക്കാടും യാത്ര അവസാനിപ്പിക്കും. ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം വീക്ക്ലി എക്സ്പ്രസ് (22656) ഷൊർണൂരിലും ചെന്നൈ -ഗുരുവായൂർ എക്സ്പ്രസ് (16127) എറണാകുളം ജങ്ഷനിലും അജ്മീർ-എറണാകുളം മരുസാഗർ എക്സ്പ്രസ് (12978) ഷൊർണൂരിലും യാത്ര അവസാനിപ്പിക്കും.
വഴിതിരിച്ച് വിടുന്നവ
ഗാന്ധിധാമിൽനിന്ന് പുറപ്പെടുന്ന ഗാന്ധിധാം-നാഗർകോവിൽ എക്സ്പ്രസ് (16335) ശനിയാഴ്ച ഷൊർണൂരിൽനിന്ന് പൊള്ളാച്ചി-മധുര വഴി നാഗർകോവിലേക്ക് വഴിതിരിച്ചുവിടും. പുണെ-കന്യാകുമാരി എക്സ്പ്രസ് പാലക്കാടുനിന്ന് പൊള്ളാച്ചി-മധുര വഴി കന്യാകുമാരിയിലേക്ക് പോവും.
ഞായറാഴ്ചത്തെ നിയന്ത്രണം:
ഞായറാഴ്ചയിലെ തിരുവനന്തപുരം-മംഗളൂരു മാവേലി (16604), ഗുരുവായൂർ-എറണാകുളം എക്സ്പ്രസ് (06439), എറണാകുളം-കോട്ടയം എക്സ്പ്രസ് (06453), കോട്ടയം-എറണാകുളം എക്സ്പ്രസ് (06434), ഷൊർണൂർ-എറണാകുളം മെമു (06017) എന്നിവ പൂർണമായും റദ്ദാക്കി.
ഞായറാഴ്ചത്തെ ഭാഗിക റദ്ദാക്കൽ
ഞായറാഴ്ചയിലെ ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി (16341 ) ഗുരുവായൂരിന് പകരം പുലർച്ചെ 5.20ന് എറണാകുളം ജങ്ഷനിൽ നിന്നാകും യാത്ര തുടങ്ങുക. തിരുവനന്തപുരം-മംഗളൂരു മലബാർ (16629) തിരുവനന്തപുരത്തിന് പകരം തിങ്കളാഴ്ച പുലർച്ചെ 2.40ന് ഷൊർണൂരിൽനിന്നും ഗുരുവായൂർ-മധുര എക്സ്പ്രസ് (16328) ഗുരുവായൂരിന് പകരം രാവിലെ 7.45ന് ആലുവയിൽനിന്നും യാത്ര തുടങ്ങും. എറണാകുളം-കാരയ്ക്കൽ എക്സ്പ്രസ് (16188) എറണാകുളത്തിന് പകരം തിങ്കളാഴ്ച പുലർച്ചെ 1.40ന് പാലക്കാട് നിന്നാകും യാത്ര ആരംഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.