നിലമേൽ (കൊല്ലം): എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധത്തെ തുടർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രണ്ടു മണിക്കൂർ റോഡിലിരുന്നു പ്രതിഷേധിച്ചു. കൊട്ടാരക്കര സദാനന്ദപുരത്ത് സ്വകാര്യ പരിപാടിയിലേക്ക് പോകുമ്പോഴാണ് ജില്ല അതിർത്തിയായ നിലമേലിൽ വർണറുടെ വാഹന വ്യൂഹത്തിനു നേരെ എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. കറുത്ത ബാനറും ഗോ ബാക്ക് വിളികളുമായി എസ്.എഫ്.ഐക്കാർ നേരത്തേതന്നെ ഇവിടെ തമ്പടിച്ചിരുന്നു.
പൊലീസിന്‍റെ നിയന്ത്രണംവിട്ടതോടെ സമരക്കാർ ഗവർണറുടെ കാറിന്‍റെ മുൻഭാഗത്ത് അടിച്ചു. ഇതോടെ വാഹനം നിർത്തി ഗവർണർ പുറത്തിറങ്ങി. പൊലീസിനെ ശകാരിച്ച ഗവർണർ വാഹനത്തിൽ കയറാൻ കൂട്ടാക്കാതെ റോഡിൽ നിൽക്കുകയും സമീപത്തെ കടയിൽ കയറി വെള്ളം കുടിച്ചശേഷം റോഡരികിൽ കടക്കാരൻ ഇട്ടുകൊടുത്ത കസേരയിൽ ഇരിപ്പുറപ്പിക്കുകയുമായിരുന്നു.
തുടർന്നു പൊലീസിന് നേരെ തിരിഞ്ഞ ഗവർണർ നടപടി ഉണ്ടാകാതെ പിന്മാറില്ലെന്നും പ്രഖ്യാപിച്ചു. ഇതിനിടെ എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സെക്രട്ടറിയെ വിളിച്ച് പരാതിപ്പെട്ട ഗവർണർ പ്രധാനമന്ത്രിയെ വിളിക്കാനും ആവശ്യപ്പെട്ടു. അനുനയിപ്പിക്കാൻ ഫോണിൽ വിളിച്ച ഡി.ജി.പിയോടും അദ്ദേഹം കയർത്തു. പ്രതിഷേധിച്ചവർക്കെതിരെ നടപടി സ്വീകരിച്ചതായി വ്യക്തമാകുന്ന എഫ്.ഐ.ആർ കാണാതെ പിന്മാറില്ലന്നും ഗവർണർ അറിയിച്ചു. പ്രതിഷേധക്കാരുടെ ദൃശ്യങ്ങൾ പരിശോധിച്ച് എല്ലാവരെയും അറസ്റ്റ് ചെയ്യാൻ ഡി.ജി.പി നിർദേശം നല്‍കി.
12ൽ അധികം പേരെ അറസ്റ്റ് ചെയ്തതായി പൊലീസും വ്യക്തമാക്കി. എന്നാൽ, എഫ്.ഐ.ആര്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ പ്രതിഷേധം തുടർന്നു. ഒടുവിൽ അറസ്റ്റിലായ 12 പേർക്കും കണ്ടാലറിയാവുന്ന അഞ്ചു പേർക്കുമെതിരെ നടപടി സ്വീകരിച്ചതിന്‍റെ എഫ്.ഐ.ആർ കണ്ട് ബോധ്യപെട്ടശേഷമാണ് ഗവർണർ കൊട്ടാരക്കരയിലെ പരിപാടി സ്ഥലത്തേക്ക് പോകാൻ തയാറായത്. രാവിലെ 10.45ന് തുടങ്ങിയ നാടകീയരംഗങ്ങൾ ഉച്ചക്ക് 12.40 നാണ് അവസാനിച്ചത്.
എസ്.എഫ്.ഐ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടുപോകില്ലെന്നും ഇനിയും പ്രതിഷേധം തുടരുമെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ പ്രതികരിച്ചു.
Updating...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.