Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗവർണറും എസ്.എഫ്.ഐയും...

ഗവർണറും എസ്.എഫ്.ഐയും നേർക്കുനേർ; കരിങ്കൊടി പ്രതിഷേധം, റോഡിൽ കസേരയിട്ടിരുന്ന് ഗവർണർ

text_fields
bookmark_border
governor sfi
cancel

നിലമേൽ (കൊല്ലം): എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധത്തെ തുടർന്ന്​ ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ രണ്ടു മണിക്കൂർ റോഡിലിരുന്നു പ്രതിഷേധിച്ചു.​ കൊട്ടാരക്കര സദാനന്ദപുരത്ത് സ്വകാര്യ പരിപാടിയിലേക്ക് പോകുമ്പോഴാണ്​ ജില്ല അതിർത്തിയായ നിലമേലിൽ വർണറുടെ വാഹന വ്യൂഹത്തിനു നേരെ എസ്​.എഫ്​.ഐ പ്രവർത്തകർ ​കരിങ്കൊടി കാണിച്ചത്. കറുത്ത ബാനറും ഗോ ബാക്ക് വിളികളുമായി എസ്​.എഫ്.ഐക്കാർ നേരത്തേതന്നെ ഇവിടെ തമ്പടിച്ചിരുന്നു.

പൊലീസിന്‍റെ നിയന്ത്രണംവിട്ടതോടെ സമരക്കാർ ഗവർണറുടെ കാറിന്‍റെ മുൻഭാഗത്ത് അടിച്ചു. ഇതോടെ വാഹനം നിർത്തി​ ഗവർണർ പുറത്തിറങ്ങി. പൊലീസിനെ ശകാരിച്ച ​ഗവർണർ വാഹനത്തിൽ കയറാൻ കൂട്ടാക്കാതെ റോഡിൽ നിൽക്കുകയും സമീപത്തെ കടയിൽ കയറി വെള്ളം കുടിച്ചശേഷം റോഡരികിൽ കടക്കാരൻ ഇട്ടുകൊടുത്ത കസേരയിൽ ഇരിപ്പുറപ്പിക്കുകയുമായിരുന്നു.

തുടർന്നു പൊലീസിന് നേരെ തിരിഞ്ഞ ഗവർണർ നടപടി ഉണ്ടാകാതെ പിന്മാറില്ലെന്നും പ്രഖ്യാപിച്ചു. ഇതിനിടെ എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ്​ ചെയ്തു നീക്കി. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സെക്രട്ടറിയെ വിളിച്ച് ​പരാതിപ്പെട്ട ഗവർണർ പ്രധാനമന്ത്രിയെ വിളിക്കാനും ആവശ്യപ്പെട്ടു. അനുനയിപ്പിക്കാൻ​ ഫോണിൽ വിളിച്ച ഡി.ജി.പിയോടും അദ്ദേഹം കയർത്തു. പ്രതിഷേധിച്ചവർക്കെതിരെ നടപടി സ്വീകരിച്ചതായി വ്യക്തമാകുന്ന എഫ്​​.ഐ.ആർ കാണാതെ പിന്മാറില്ലന്നും ഗവർണർ അറിയിച്ചു. പ്രതിഷേധക്കാരുടെ ദൃശ്യങ്ങൾ പരിശോധിച്ച് എല്ലാവരെയും അറസ്റ്റ് ചെയ്യാൻ ഡി.ജി.പി നിർദേശം നല്‍കി.

12ൽ അധികം പേരെ അറസ്റ്റ് ചെയ്തതായി പൊലീസും വ്യക്തമാക്കി. എന്നാൽ, എഫ്.ഐ.ആര്‍ ആവശ്യപ്പെട്ട്​ ഗവര്‍ണര്‍ പ്രതിഷേധം തുടർന്നു. ഒടുവിൽ അറസ്റ്റിലായ 12 പേർക്കും കണ്ടാലറിയാവുന്ന അഞ്ചു പേർക്കുമെതിരെ നടപടി സ്വീകരിച്ചതിന്‍റെ എഫ്​.ഐ.ആർ കണ്ട്​ ബോധ്യപെട്ടശേഷമാണ്​ ഗവർണർ കൊട്ടാരക്കരയിലെ പരിപാടി സ്ഥലത്തേക്ക്​ പോകാൻ തയാറായത്​. രാവിലെ 10.45ന് തുടങ്ങിയ നാടകീയരംഗങ്ങൾ ഉച്ചക്ക്​ 12.40 നാണ് അവസാനിച്ചത്​.

എസ്.എഫ്.ഐ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടുപോകില്ലെന്നും ഇനിയും പ്രതിഷേധം തുടരുമെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ പ്രതികരിച്ചു.

Updating...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SFIBlack flag protestArif Mohammed Khan
News Summary - sfi black flag protest against governor in kollam
Next Story