പെരിന്തൽമണ്ണ: എസ്.എഫ്.ഐക്ക് ആധിപത്യമുള്ള കലാലയങ്ങളിൽ മറ്റു വിദ്യാർഥിസംഘടനകൾക്ക് കൊടി നാട്ടാനോ പോസ്റ്റർ പതിക്കാനോ കഴിയാത്ത സ്ഥിതിയാണെന്നും അതിന്‍റെ ഭാഗമായാണ് സംഘർഷങ്ങളുണ്ടാവുന്നതെന്നുമുള്ള കാഴ്ചപ്പാട് മാധ്യമങ്ങളുടെ വാർത്തകൾ സൃഷ്ടിച്ചതാണെന്നും അത് തെറ്റായ പ്രചാരണമാണെന്നും എസ്.എഫ്.ഐ സംസ്ഥാന ഭാരവാഹികൾ. ഏതുകാമ്പസുകളിലാണ് ഇത്തരത്തിൽ എസ്.എഫ്.ഐ പെരുമാറുന്നതെന്നും സംസ്ഥാന സെക്രട്ടറി കെ.എൻ. സച്ചിൻദേവ്, പ്രസിഡന്‍റ് വി.എ. വിനീഷ് എന്നിവർ സംസ്ഥാന സമ്മേളനത്തിനിടെ വാർത്തസമ്മേളനത്തിൽ ചോദിച്ചു.
തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ്, മടപ്പള്ളി കോളജ്, മഹാരാജാസ് കോളജ്, കേരളവർമ, ഗവ. ലോ കോളജുകൾ തുടങ്ങിയ കാമ്പസുകളിലെല്ലാം എസ്.എഫ്.ഐക്ക് വലിയ സ്വാധീനമുണ്ട്. എന്നാൽ, ഇവിടങ്ങളിലെല്ലാം തെരഞ്ഞെടുപ്പുകളിലൂടെയാണ് യൂനിയനുകൾ വന്നത്. കെ.എസ്.യു, എം.എസ്.എഫ്, എ.ബി.വി.പി ആശയങ്ങളിൽ വിദ്യാർഥികൾക്ക് വിശ്വാസമില്ലാത്തതിനാലാണ് വിദ്യാർഥികൾ അവരെ കൈയൊഴിയുന്നത്. അവരാണ് നിലപാടുകൾ പുനഃപരിശോധിക്കേണ്ടത്.
വർഗീയസംഘടനകൾ കാമ്പസുകളിൽ വലിയ സ്വാധീനശക്തിയായിട്ടില്ല. എ.ബി.വി.പി, കാമ്പസ് ഫ്രണ്ട്, എസ്.ഡി.പി.ഐ എന്നിവയുടെ മാർഗം അക്രമമാണ്. ഏറ്റവുമൊടുവിൽ ആലപ്പുഴ ചാരുംമൂട്ടിലെ അഭിമന്യുവിന്‍റെ കൊലപാതകത്തിലൂടെയും ഇത് കണ്ടതാണ്. വർഗീയശക്തികൾ കാമ്പസുകളിൽ കടന്നുകയറാൻ വലിയ ശ്രമം നടത്തുന്നുണ്ട്. രാഷ്ട്രീയമായാണ് അതിനെ ചെറുക്കുന്നത്. എസ്.ഐ.ഒ, ഫ്രറ്റേണിറ്റി എന്നിവ മറ്റൊരു മുഖാവരണമിട്ട് വിദ്യാർഥികളെ മതപരമായി വേർതിരിക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.