ചാലക്കുടി എസ്.ഐയെ തെരുവുപട്ടിയെ പോലെ തല്ലുമെന്ന് എസ്.എഫ്.ഐ നേതാവിന്‍റെ പരസ്യ ഭീഷണി

തൃശൂർ: ചാലക്കുടി എസ്.ഐ അഫ്സലിനെ തെരുവുപട്ടിയെ പോലെ തല്ലുമെന്ന് എസ്.എഫ്.ഐ നേതാവിന്‍റെ പരസ്യ ഭീഷണി. കേന്ദ്ര കമ്മിറ്റിയംഗം ഹസൻ മുബാറക്കാണ് ഭീഷണി മുഴക്കിയത്. എസ്.ഐയുടെ കൈകാലുകൾ തല്ലിയൊടിച്ച് ജയിലിൽ പോകാൻ തയാറാണെന്നും നേതാവ് വ്യക്തമാക്കി.

'എസ്.എഫ്.ഐ കുട്ടികളോട് പെരുമാറി കഴിഞ്ഞാൽ ഈ പട്ടിയുടെ രണ്ട് കൈയും കാലും തല്ലിയൊടിച്ച് വിയ്യൂരിലോ കണ്ണൂരിലോ കിടന്നാലും ഞങ്ങൾക്ക് പുല്ലാണ്. ഏതെങ്കിലും ജയിൽ കാണിച്ചും ലാത്തി കാണിച്ചും എസ്.എഫ്.ഐയെ തടയാമെന്ന് വിചാരിച്ചാൽ നിങ്ങൾ മണ്ടന്മാരുടെ സ്വർഗത്തിലാണ്' -ഹസൻ മുബാറക്ക് പറഞ്ഞു. തൃശൂരിൽ പൊലീസ് നരനായാട്ട് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ നടത്തിയ പ്രതിഷേധ പരിപാടിയിലായിരുന്നു നേതാവിന്‍റെ ഭീഷണിപ്പെടുത്തൽ.

വെള്ളിയാഴ്ച വൈകീട്ടാണ് ചാലക്കുടി ഐ.ടി.ഐ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിൽ പൊലീസിന് നേരേ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകർ ആക്രമണം അഴച്ചുവിട്ടത്. ഐ.ടി.ഐ. കാമ്പസിലും റോഡിലും ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടു ദിവസം മുന്‍പ് എസ്.എഫ്.ഐ- എ.ബി.വി.പി. പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കം നടന്നിരുന്നു. പൊലീസ് എത്തി ഇരു വിഭാഗത്തിന്‍റേയും ബോര്‍ഡുകള്‍ നീക്കംചെയ്തു.

എസ്.എഫ്.ഐക്കാരുടെ ബോര്‍ഡുകള്‍ നീക്കം ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്.ഐ രംഗത്തു വന്നത്. അക്രമങ്ങളില്‍ എസ്.എഫ്.ഐക്കാരും പങ്കുചേര്‍ന്നു. പൊലീസ് വാഹനത്തിന്‍റെ ബോണറ്റില്‍ കയറി നിന്ന് ചില്ല് അടിച്ചു പൊട്ടിക്കുകയായിരുന്നു. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത നിധിനെ മോചിപ്പിച്ച് പ്രവർത്തകർ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നു.

പൊലീസ് വാഹനം അടിച്ചു തകര്‍ത്ത കേസില്‍ ഡി.വൈ.എഫ്.ഐ നേതാവ് നിധിന്‍ പുല്ലനെ ഇന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒല്ലൂരിലെ സുഹൃത്തിന്‍റെ വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് നിധിനെ പൊലീസ് പിടികൂടിയത്.

Tags:    
News Summary - SFI leader's public threat to beat Chalakudy SI like a street dog

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.