വാടാനപ്പള്ളി (തൃശൂർ): ഏങ്ങണ്ടിയൂരിൽ കരിങ്കൊടി വീശി ഗവർണറെ തടയാൻ ശ്രമിച്ച എസ്.എഫ്.ഐക്കാർക്ക് നേരെ ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരുടെ ആക്രമണം. ചരിത്ര ഗവേഷകനും ദീനദയാൽ ട്രസ്റ്റ് ചെയർമാനുമായ വേലായുധൻ പണിക്കശ്ശേരിയുടെ നവതി ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ ഏത്തായിൽ വെച്ചാണ് എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി വീശി തടയാൻ ശ്രമിച്ചത്.
ഇതിനിടെ രണ്ട് ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ എസ്.എഫ്.ഐക്കാരെ മർദിക്കുകയായിരുന്നു. ഇവരെ പൊലീസ് ഓടിച്ചു. കരിങ്കൊടിയുമായെത്തിയ 14 എസ്.എഫ്.ഐക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ കൊണ്ടുപോയി.
ഇരിങ്ങാലക്കുടയിൽ ഗാന്ധിസ്മൃതി പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഗവർണർ. ഈ സമയത്താണ് ടൗൺഹാൾ പരിസരത്ത് അടക്കം പൊലീസിന്റെ കണ്ണുവെട്ടിച്ച് പ്രതിഷേധമുണ്ടായത്. മുദ്രാവാക്യം വിളികളും കരിങ്കൊടിയുമായായിരുന്നു പ്രതിഷേധം.
കാർ നിർത്തിയ ഗവർണർ പുറത്തിറങ്ങാതെ തന്നെ പ്രതിഷേധക്കാരോട് പ്രതികരിച്ചു. ‘കരിങ്കൊടി കാണിക്കേണ്ട, ആക്രമിക്കണമെന്നാണെങ്കിൽ ഞാൻ കാറിന് പുറത്തേക്ക് വരാം. നേരിട്ട് ആക്രമിക്കാം’ - ഗവർണർ പറഞ്ഞു.
ഒരു കൈകൊണ്ട് എസ്.എഫ്.ഐക്കാേരാട് പ്രതിഷേധിക്കാൻ നിർദേശിക്കുന്ന മുഖ്യമന്ത്രി മറുകൈകൊണ്ട് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാൻ പൊലീസിനോട് നിർദേശിക്കുകയാണ്. അതിനാൽ അദ്ദേഹത്തിന് നല്ലത് നാടകക്കമ്പനി തുടങ്ങുന്നതാണെന്ന് ഗവർണർ പരിഹസിച്ചു.
തനിക്ക് ഒരു ഭയവുമില്ല, പ്രതിഷേധക്കാർക്ക് വേണമെങ്കിൽ തന്നെ ആക്രമിക്കാം. പക്ഷേ, അവർക്ക് തന്റെ കാർ മാത്രം ആക്രമിച്ചാൽ മതി, തന്നെ വേണ്ട. അവരുടെ ഉദ്ദേശ്യം തന്നെ ഭയപ്പെടുത്തുക മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
കേരള പൊലീസ് അനാവശ്യമായ സമ്മർദവും ബുദ്ധിമുട്ടും അനുഭവിക്കുന്നുണ്ട്. പൊരിവെയിലത്ത് അവർ പ്രതിഷേധക്കാരെ തടയാൻ നിൽക്കുകയാണ്. പൊലീസുകാരോട് സഹതാപമുണ്ടെന്നും ഇതിന്റെയെല്ലാം പൂർണ ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും ഗവർണർ വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.