കാമ്പസുകളില്‍ എസ്.എഫ്.ഐ ലഹരിയുടെ ഏജന്റുമാരാകുന്നു-വി.ഡി. സതീശൻ

കൊച്ചി: കാമ്പസുകളില്‍ എസ്.എഫ്.ഐ ലഹരിയുടെ ഏജന്റുമാരാകുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഭയപ്പാടിലാണ് രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളിലേക്കും കോളജിലേക്കും അയക്കുന്നത്. ലഹരി വ്യാപനം സംസ്ഥാനത്ത് എത്രത്തോളം വ്യാപകമായെന്നു വ്യക്തമാക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്.

ലഹരി വ്യാപനം സംസ്ഥാനത്ത് അക്രമ സംഭവങ്ങള്‍ വര്‍ധിപ്പിക്കുകയാണെന്നും അക്രമത്തിന്റെ സ്വഭാവം തന്നെ മാറിയെന്നും പ്രതിപക്ഷം കഴിഞ്ഞയാഴ്ചയും നിയമസഭയില്‍ ഉന്നയിച്ചതാണ്. ഇതുവരെ ഉണ്ടാകാത്ത തരത്തിലുള്ള അക്രമണങ്ങളാണ് നടക്കുന്നത്. കുട്ടികള്‍ക്കിടിയിലും ലഹരി വ്യാപിക്കുകയാണ്. ലഹരി വസ്തുക്കള്‍ ഏറ്റവും സുലഭമായി ലഭിക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്.

ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരെ മാത്രമാണ് പൊലീസും എക്‌സൈസും പിടികൂടുന്നത്. എന്നാല്‍ ലഹരിയുടെ സ്രോതസ് കണ്ടെത്താന്‍ ഒരു സര്‍ക്കാര്‍ ഏജന്‍സിയും ശ്രമിക്കുന്നില്ല. എസ്.എസ്.എല്‍.സിക്ക് പഠിക്കുന്ന കുട്ടികള്‍ വരെ ഡ്രഗ് പാര്‍ട്ടികള്‍ നടത്തുകയാണ്. എല്ലായിടത്തും ഡ്രഗ് പാര്‍ട്ടികളാണ്. ഇതൊക്കെ പരസ്യമായാണ് നടക്കുന്നത്. ഒറ്റു കൊടുക്കുന്ന കേസുകള്‍ മാത്രമാണ് പിടിക്കപ്പെടുന്നത്. അല്ലാതെ എന്‍ഫോഴ്‌സ്‌മെന്റ് ഇല്ല. ബോധവത്ക്കരണം നടത്തിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ അത് ജനങ്ങള്‍ക്കിടയില്‍ ഒരു ചലനവും ഉണ്ടാക്കിയിട്ടില്ല.

പതിനാലും പതിനഞ്ചും വയസുള്ള കുട്ടികളാണ് പരസ്യമായി ഏറ്റുമുട്ടുന്നത്. പല ബസ് സ്റ്റാന്‍ഡുകളിലും രണ്ടു ഗ്യാങുകളായി തിരിഞ്ഞ് അടിയാണ്. ഇന്നലെ ഒരു കുട്ടി കൊലചെയ്യപ്പെട്ടു. കാമ്പസുകളില്‍ വ്യാപകമായി റാഗിങ് നടക്കുന്നു. ഇതിനെല്ലാം കാരണം ഡ്രഗ്‌സാണ്. ഒരു വശത്ത് എസ്.എഫ്.ഐയും. എസ്.എഫ്.ഐ നേതാക്കള്‍ക്ക് ഡ്രഗ്‌സും മദ്യവും വാങ്ങാന്‍ പണം നല്‍കിയില്ലെങ്കില്‍ ക്രൂരമായ റാഗിങാണ്.

സിദ്ധാർഥനെ കൊലപ്പെടുത്തിയത് ഉള്‍പ്പെടെ നിരവധി സംഭവങ്ങളുണ്ട്. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ യൂനിയന്‍ റൂം ഇടിമുറിയാണ്. ഭിന്നശേഷിക്കാരനായ വിദ്യാർഥി വരെ ആക്രമിക്കപ്പെട്ടു. എന്നിട്ടും ഒരാളെ പോലും സസ്‌പെന്‍ഡ് ചെയ്തില്ല. സിദ്ധാർഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരെ തിരിച്ചെടുത്തു. അവര്‍ പരീക്ഷ എഴുതി കൂളായി നടക്കുകയാണ്.

സര്‍ക്കാര്‍ സ്വന്തക്കാര്‍ക്ക് രാഷ്ട്രീയ രക്ഷാകര്‍തൃത്വം നല്‍കുകയാണ്. കാപ്പ കേസിലെ പ്രതികളെ മന്ത്രിമാര്‍ പാര്‍ട്ടിയിലേക്ക് മാലയിട്ട് സ്വീകരിക്കുകയാണ്. ക്രിമിനലുകളും ഗുണ്ടകളും ലഹരിമരുന്ന് മാഫിയകളും അഴിഞ്ഞാടുന്ന സംസ്ഥാനമായി കേരളം മാറി. സ്വന്തക്കാരെ സംരക്ഷരിക്കണമെന്ന താല്‍പര്യം മാത്രമെ സര്‍ക്കാരിനുള്ളൂ. അപകടകരമായ സ്ഥിതിവിശേഷമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്.

ലഹരി വ്യാപകമാകുന്നതു സംബന്ധിച്ച വിഷയം 2022ലും ഇക്കഴിഞ്ഞ ആഴ്ചയിലും പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടു വരികയും പൂര്‍ണപിന്തുണ നല്‍കുകയും ചെയ്തു. എന്നിട്ടും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ഉത്ഭവസ്ഥാനം കണ്ടെത്തി അത് അടയ്ക്കാനോ ജനങ്ങളെ സംഘടിപ്പിച്ചുള്ള ചെറുത്തു നില്‍പ്പിനോ സര്‍ക്കാര്‍ തയാറാകുന്നില്ല.

എല്ലാ കാര്യത്തിലും എന്നതുപോലെ ഇക്കാര്യത്തിലും സര്‍ക്കാര്‍ നിസംഗരായി നോക്കി ഇരിക്കുകയാണ്. കുട്ടികളെ സ്‌കൂളിലേക്കും കോളജിലേക്കും അയയ്ക്കുന്ന രക്ഷിതാക്കള്‍ ഭയപ്പാടിലാണ്. എല്ലാ കുട്ടികളെയും രക്ഷിതാക്കള്‍ സംശയിക്കുന്ന അപകടകരമായ രീതിയിലേക്ക് കേരളം പോകുകയാണ്.

ലഹരി വ്യാപനം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നില്ല. 25 പേരെ പിടിച്ചാല്‍ പോലും ലഹരി എവിടെ നിന്നാണ് വന്നതെന്ന് കണ്ടെത്താനുള്ള സംവിധാനം സര്‍ക്കാരിനില്ല. അതിന് സാധിക്കുന്നില്ലെങ്കില്‍ പിന്നെ എന്ത് പൊലീസും എക്‌സൈസുമാണ്. സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു.

ലഹരി മാഫിയകള്‍ക്ക് രാഷ്ട്രീയ രക്ഷാകര്‍തൃത്വമുണ്ട്. ആലപ്പുഴയിലും കൊല്ലത്തുമൊക്കെ ലഹരി മാഫിയകളെ പ്രദേശികമായി സഹായിക്കുന്നുണ്ട്. ഉത്തരവാദിത്തത്തോടെയാണ് ഇത് പറയുന്നത്. അതുകൊണ്ടാണ് പല സ്ഥലത്തും സര്‍ക്കാര്‍ മടി പിടിക്കുന്നത്. രാഷ്ട്രീയ രക്ഷകര്‍തൃത്വം ഉണ്ടെന്നത് പ്രതിപക്ഷം നിയമസഭയിലും പറഞ്ഞതാണ്. അതാണ് അപകടത്തിലേക്ക് എത്തിക്കുന്നത്.

എത്രയോ കേസുകളില്‍ എസ്.എഫ്.ഐ ഉള്‍പ്പെട്ടിട്ടുണ്ട്. സിദ്ധാർഥന്റെ മരണവും മെഡിക്കള്‍ കോളജിലെ സംഭവവും ഉള്‍പ്പെടെ ഒരു നിരവധി സംഭവങ്ങളുണ്ട്. പല സംഭവങ്ങളും രക്ഷിതാക്കളും കോളജ് അധികൃതരും പുറത്ത് പറയുന്നില്ല. എസ്.എഫ്.ഐക്ക് അപ്രമാധിത്യമുള്ള കാമ്പസുകളില്‍ അവര്‍ ലഹരിയുടെ ഏജന്റുമാരായി മാറുകയാണ്. അതൊരു യാഥാർഥ്യമാണ്.

കേരളത്തിലേക്ക് വ്യാപകമായി സ്പിരിറ്റ് വന്നിരുന്ന കാലത്ത് അത് കൊണ്ടു വരുന്നവരെയും കൊടുത്തുവിടുന്നവരെയും പിടിച്ച് അകത്തിട്ടു. അതോടെയാണ് കേരളത്തിലേക്കുള്ള സ്പിരിറ്റ് വരവ് നിലച്ചത്. കേരളത്തിലേക്കുള്ള ഡ്രഗ്‌സ് സപ്ലെ വേണ്ടെന്നു വിചാരിക്കണമെങ്കില്‍ അതില്‍ ഉള്‍പ്പെട്ടവര്‍ അകത്തു പോകണം. കഴിഞ്ഞ ദിവസം കൊക്കെയ്ന്‍ കേസിലെ പ്രതികളെ വെറുതെ വിട്ടു. കൃത്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് കോടതി പറഞ്ഞത്.

ലഹരി വസ്തുക്കള്‍ പിടികൂടി പത്രത്തില്‍ വാര്‍ത്ത കൊടുത്താല്‍ മാത്രം പോര. തെളിവ് ശേഖരിച്ച് എന്‍.ടി.പി.എസ് ആക്ട് പ്രകാരം പ്രതികളെ ജയിലിലാക്കണം. കഞ്ചാവിന്റെ ഉപഭോഗം കുറഞ്ഞെന്നാണ് മന്ത്രി പറയുന്നത്. അത് ശരിയാണ് കഞ്ചാവല്ല, രാസലഹരിയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു. 

Full View


Tags:    
News Summary - SFIs become agents of intoxication on campuses-v.d. satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.