നിലമ്പൂർ: മൈസൂരുവിലെ നാട്ടുവൈദ്യൻ ഷാബാ ശെരീഫിന്റെ കൊലപാതകത്തിൽ പ്രതിയായ റിട്ട. എസ്.ഐ സുന്ദരൻ സുകുമാരനെ കേസിലെ മുഖ്യപ്രതി ഷൈബിൻ അഷറഫിന്റെ നിലമ്പൂർ മുക്കട്ടയിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ശനിയാഴ്ച ഉച്ചക്ക് ഒന്നോടെ നിലമ്പൂർ ഇൻസ്പെക്ടർ പി. വിഷ്ണുവിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
ഷാബാ ശെരീഫിനെ മുക്കട്ടയിലെ വീട്ടിൽ തടവിൽ പാർപ്പിച്ച സമയത്ത് താൻ ഇവിടെ വന്നിട്ടില്ലെന്നും അതിനുമുമ്പും ശേഷവും വീട്ടിലെത്തിയിട്ടുണ്ടെന്നും സുന്ദരൻ സുകുമാരൻ മൊഴിനൽകി. ഷൈബിൻ അഷറഫിന് താൻ നിയമോപദേശം നൽകിയിരുന്നതായും പ്രതി പൊലീസിനോട് പറഞ്ഞു. വെള്ളിയാഴ്ച പ്രതിയുടെ വയനാട്ടിലെ വീട്ടിലും ഷൈബിൻ അഷറഫിന്റെ നിർമാണത്തിലുള്ള ആഡംബര വീട്ടിലും പണി പൂർത്തീകരിച്ച വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
തെളിവെടുപ്പ് പൂർത്തിയാക്കി ശനിയാഴ്ച സുന്ദരൻ സുകുമാരനെ കോടതിയിൽ ഹാജരാക്കും. ഷൈബിൻ അഷറഫ് അറസ്റ്റിലായ വിവരമറിഞ്ഞ് മുങ്ങിയ ഇയാൾ ആഗസ്റ്റ് 10നാണ് ഇടുക്കി ജില്ലയിലെ മുട്ടം കോടതിയിൽ കീഴടങ്ങിയത്. രണ്ട് ദിവസമായി നടത്തിയ തെളിവെടുപ്പിൽ നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.