പാലക്കാട്ടെ ജനത അര്‍ഹിക്കുന്ന ഉചിതമായ തീരുമാനം യു.ഡി.എഫ് സ്വീകരിക്കും -ഷാഫി പറമ്പില്‍

കോഴിക്കോട്: പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേണ്ടിവരില്ലെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെയും സി.പി.എമ്മിന്റെയും വാദം തെറ്റാണെന്ന് വടകര തെളിയിച്ചതായി പാലക്കാട് സിറ്റിങ് എം.എൽഎയും വടകര പാർല​മെന്റ് മണ്ഡലത്തിൽ വിജയിയുമായ ഷാഫി പറമ്പില്‍. ഉപതെരഞ്ഞെടുപ്പിൽ പാലക്കാട്ടെ ജനത അര്‍ഹിക്കുന്ന ഏറ്റവും ഉചിതമായ തീരുമാനംതന്നെ കോണ്‍ഗ്രസും യു.ഡി.എഫും സ്വീകരിക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തങ്ങളുടെ മേൽ ചാർത്തപ്പെട്ട ‘കാഫിര്‍’പട്ടത്തെ വടകരക്കാര്‍ കടലില്‍ തള്ളി. വർഗീയത പ്രചരിപ്പിച്ചവര്‍ക്ക് രാഷ്ട്രീയം പറഞ്ഞു വോട്ടര്‍മാര്‍ മറുപടി നല്‍കി. ഇത് രാഷ്ട്രീയ വിജയമാണ്.

പൊലീസ് കൃത്യമായി ഇടപെട്ടിരുന്നെങ്കില്‍ വടകരയിലെ രാഷ്ട്രീയാന്തരീക്ഷം കളങ്കപ്പെടില്ലായിരുന്നു. പ്രതികളെ കണ്ടെത്താതെ പൊലീസ് കള്ളപ്രചാരണങ്ങൾ നടത്താൻ അവസരം ഒരുക്കിക്കൊടുത്തു. വടകരക്ക് പുറത്ത് ഇനിയും സത്യം മനസ്സിലാകാത്തവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തിക്കൊടുക്കാൻ നിയമനടപടിയുമായി മുന്നോട്ടുപോകും.

വടകരയുടെ മതേതര മനസ്സിന്റെയും ജനങ്ങളുടെ രാഷ്ട്രീയബോധത്തിന്റെയും വിജയമാണിത്. പിണറായി വിജയന്‍ സര്‍ക്കാറിനെതിരായ വിധിയെഴുത്താണ് തെരഞ്ഞെടുപ്പ് ഫലം. എക്‌സിറ്റ് പോളുകളല്ല, എക്‌സാക്റ്റ് പോളാണ് ജനവിധിയെന്നു തെളിഞ്ഞു.

കെ. മുരളീധരന്‍ തൃശൂരില്‍ പോയത് മതേതര ജനാധിപത്യ മൂല്യം സംരക്ഷിക്കാനാണ്. ആ തീരുമാനത്തിന്റെ ഗുണം താനുള്‍പ്പെടെ കേരളത്തിലെ ബാക്കി 19 സ്ഥാനാര്‍ഥികള്‍ക്കും കിട്ടിയിട്ടുണ്ട്. വിജയം വടകരയിലെ ജനങ്ങളുടെ ജനാധിപത്യ-മതേതരത്വ ബോധത്തിനു മുന്നിൽ വിനയത്തോടെ സമർപ്പിക്കുകയാണെന്നും ഷാഫി പറഞ്ഞു. 

Tags:    
News Summary - shafi parambil about palakkad byelection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.