കോഴിക്കോട്: പാർട്ടിയെ അറിയിച്ച് വിവാഹം കഴിച്ചാൽ വിശുദ്ധനും അറിയിക്കാതെ വിവാഹം കഴിച്ചാൽ 'ലൗ ജിഹാദും' എന്നതാണ് സി.പി.എം നിലപാടെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എം.എൽ.എ. ജമാഅത്തെ ഇസ്ലാമിയും സോളിഡാരിറ്റിയുമെല്ലാം പല തെരഞ്ഞെടുപ്പിലും എൽ.ഡി.എഫിനെ പിന്തുണച്ചിട്ടുണ്ട്. പാർട്ടിക്കൊപ്പം നിൽക്കുമ്പോൾ വിശുദ്ധരും എതിരുനിൽക്കുമ്പോൾ തീവ്രവാദികളും ആക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോടഞ്ചേരിയിലെ പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് സി.പി.എം നേതാവ് ജോർജ് എം. തോമസിൽനിന്നുണ്ടായത് നാക്ക് പിഴയല്ല, പ്രത്യയശാസ്ത്ര പിഴയാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു. പ്രസ്താവന നാക്ക് പിഴയും വിഷയം അടഞ്ഞ അധ്യായവുമാണെന്നുള്ള സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറിയുടെ വാദം പ്രശ്നം ലഘൂകരിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിരേഖ ചൂണ്ടിക്കാട്ടിയാണ് ജോർജ് എം. തോമസ് വർഗീയ പ്രസ്താവന നടത്തിയത്. പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രണയത്തിന്‍റെ മറവിൽ തെറ്റായ സംഭവങ്ങൾ നടക്കുന്നുണ്ടെങ്കിൽ ഇക്കാര്യത്തിൽ ആഭ്യന്തര വകുപ്പ് എന്ത് നടപടിയെടുത്തു എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ജില്ല പ്രസിഡന്‍റ് ആർ. ഷഹിനും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.