പാലക്കാട്ട് കണ്ടത് സി.പി.എം-ബി.ജെ.പി സംഘനൃത്തമെന്ന് ഷാഫി പറമ്പിൽ

പാലക്കാട്: പാലക്കാട്ട് കണ്ടത് സി.പി.എം-ബി.ജെ.പി സംഘനൃത്തമെന്ന് ഷാഫി പറമ്പിൽ എം.പി. പുരുഷ പൊലീസ് വനിത നേതാക്കളുടെ മുറിയിൽ കയറിയെന്നും ചോദിച്ചപ്പോൾ നിങ്ങളുടെ ഭർത്താവും ഉണ്ടല്ലോ എന്ന് മറുപടി പറഞ്ഞെന്നും ഷാഫി വ്യക്തമാക്കി.

മുറിയിൽ നടത്തിയ പരിശോധനയിൽ ഒന്നും കിട്ടിയില്ലെന്നാണ് പൊലീസ് അറിയിച്ചത്. യു.ഡി.എഫ് ചാക്കിൽ പണം കെട്ടിവെച്ചെന്ന് കള്ളവാർത്ത പ്രചരിപ്പിച്ചും മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചും സമീപ പ്രദേശങ്ങളിലെ ജനങ്ങളെ ബുദ്ധിമുട്ടിച്ചും നടത്തിയ നാടകമാണ്.

ഒന്നാമത്തെ മുറിയുടെ റിസൾട്ട് രണ്ടാമത് നൽകി. 12 മണിക്ക് നടത്തിയ പരിശോധനയുടെ സെർച്ചിന് രണ്ട് മണിക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ഒപ്പ് നൽകി.

കേരളത്തിലെ അറിയപ്പെടുന്ന രണ്ട് വനിത നേതാക്കളുടെ മുറിയിൽ വനിത പൊലീസ് സാന്നിധ്യമില്ലാതെ വാതിലിൽ തട്ടാൻ ആരാണ് അധികാരം കൊടുത്തതെന്നും ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഉപതെരഞ്ഞെടുപ്പിനു കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടൽ മുറികളിൽ ഇന്നലെ അർധരാത്രിയിൽ പൊലീസ് പരിശോധന നടന്നത്. രാത്രി 12.10നാണ് സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ഹോട്ടലിലെത്തിയത്. 12 മുറികൾ പരിശോധിച്ചെന്നും പണം കണ്ടെത്തിയില്ലെന്നും പാലക്കാട് എ.എസ്.പി അശ്വതി ജിജി അറിയിച്ചു.

ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ അടക്കമുള്ള വനിത നേതാക്കൾ താമസിക്കുന്ന മുറികളിൽ വനിതാ ഉദ്യോഗസ്ഥരില്ലാതെ പൊലീസ് പരിശോധനക്കെത്തിയത് നാടകീയ രംഗങ്ങൾക്കിടയാക്കി. അര മണിക്കൂറിനു ശേഷം വനിതാ ഉദ്യോഗസ്ഥയെ എത്തിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥരില്ലാതെയാണ് പൊലീസ് സംഘം പരിശോധനക്ക് എത്തിയത് വിമർശനത്തിന് വഴിവെച്ചിട്ടുണ്ട്. 

Tags:    
News Summary - Shafi Parambil said that Palakkad was seen as a CPM-BJP group dance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.