വടകര: ‘അമ്മേ ന്ന് പറഞ്ഞിട്ടാ ഞമ്മളെ അരികത്ത് വന്നത്. അന്ന് മുതല് പ്രാർഥിക്ക്ന്നുണ്ട് മോനേ ഷാഫി ജയിക്കാൻ.. എനക്ക് ഒറക്ക് തെളിഞ്ഞാലും ഓർമ വരും.. ഞാനത്രക്ക് പടച്ചോനോടും അമ്പലത്തിലും പ്രാർഥിച്ചിന്’ -വടകരയുടെ നായകനായി ജയിച്ചുകയറിയ ഷാഫി പറമ്പിലിനെ കാണാൻ ഊരത്ത് കമ്മനത്താഴെ നിന്ന് കുറ്റ്യാടിയിൽ എത്തിയ മന്ദി എന്ന വയോധികയായ അമ്മയുടെ വാക്കുകളാണിത്.
തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടിയ ഷാഫി, വോട്ടർമാർക്ക് നന്ദി പറയാൻ എത്തുന്നതറിഞ്ഞ് ഊരത്ത് നിന്ന് മന്ദിയമ്മ വളരെ നേരത്തെ തന്നെ കുറ്റ്യാടിയിൽ എത്തിയിരുന്നു. ഇത് ശ്രദ്ധയിൽപെട്ട ആരോ മൊബൈലിൽ പകർത്തിയ അവരുടെ സംസാരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പാലക്കാട് നിന്നെത്തിയ ഷാഫി, ‘വടേര’യുടെ മനം എത്രത്തോളം കവർന്നുവെന്നതിന്റെ തെളിവാണ് 58 സെക്കൻഡുള്ള ഈ വിഡിയോ.
‘എനക്ക് കരച്ചിലാ വരുന്നേ.. ഞാനത്രക്കും പടച്ചോനോടും അമ്പലത്തിലും ഒക്കെ പ്രാർഥിച്ചിന്... ജയിക്ക്ന്ന വരെ എനക്ക് ഒറക്ക് തെളിഞ്ഞാലും ഓർമ വരുവേനും... എനക്ക് കൊറേ വയസ്സായി.. ഞാനിപ്പം മരിക്കും... എന്നാലും... ല്ലേ... ’ -വാക്കുകൾ മുഴുമിപ്പിക്കാനാവാതെ മന്ദിയമ്മ വിഷമിക്കുന്നത് വിഡിയോയിൽ കാണാം.
‘വടകരയിൽ എങ്ങനെയിത്ര ഭൂരിപക്ഷം കിട്ടിയെന്ന് ചോദിച്ചാൽ, രാഷ്ട്രീയം പറഞ്ഞ് കിട്ടി എന്നാണ് ഉത്തരം. എന്ത് രാഷ്ട്രീയം എന്ന് ചോദിച്ചാൽ ഈ രാഷ്ട്രീയം എന്നാണ് ഉത്തരം. സ്നേഹം’ എന്ന അടിക്കുറിപ്പോടെ രാഹുൽ മാങ്കൂട്ടത്തിൽ ഇത് ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ‘ഇങ്ങനെയുള്ള അമ്മമ്മാരുടെ നാട്ടിൽ വർഗീയതയും ബോംബും കൊണ്ട് മത്സരിക്കാൻ വന്നാൽ എങ്ങനെ ജയിക്കാനാ ടീച്ചറെ.. ഈ പ്രാർത്ഥനകൾ ഏത് ദൈവത്തിനാ തള്ളിക്കളയാൻ തോന്നുക. ഇത്തരം അനേകം അമ്മമാരുടെ പ്രാർത്ഥനയുടെ ശക്തിയാണ് ഷാഫിയുടെ ഈ വലിയ ഭൂരിപക്ഷം...’ -എന്നായിരുന്നു ഒരാളുടെ കമന്റ്.
‘ആ അമ്മയുടെ കണ്ണിലുണ്ട്.... ഒരു മകനെ കാണാൻ കാത്തു നിൽക്കുന്ന അമ്മയുടെ വികാരം.... ഷാഫിക്ക ആ നിങ്ങടെ സമയത്തിൽ അല്പസമയം ഈ അമ്മക്ക് വേണ്ടി മാറ്റി വെക്കുക..... 💙💙💙 ’ എന്ന് മറ്റൊരാളും കമന്റ് ചെയ്യുന്നു. ‘പ്രിയപ്പെട്ട Shafi Parambilനിങ്ങൾ എങ്ങനെയാണ് ജനങ്ങളുടെ ഹൃദയം കീഴടക്കുന്നത് 🥰’, ‘ഇതാണ് ദ റിയൽ വടകര സ്റ്റോറി’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.
1,14,506 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാഫി പറമ്പിലിനെ വടകരക്കാർ എം.പിയായി തെരഞ്ഞെടുത്തത്. സി.പി.എമ്മിലെ കെ.കെ. ശൈലജ ടീച്ചറായിരുന്നു എതിർസ്ഥാനാർഥി. കഴിഞ്ഞ തവണ കെ. മുരളീധരന് ലഭിച്ചതിനേക്കാൾ 29,729 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇത്തവണ കോൺഗ്രസ് നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.