കോഴിക്കോട്: ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ടെന്ന് എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫി. തുടർന്ന് കേസ് അന്വേഷിക്കുന്ന സംഘം ഡോക്ടറുടെ സേവനം ആവശ്യപ്പെട്ടു. ഷാറൂഖിനെ ചോദ്യം ചെയ്യുന്ന മാലൂർ കുന്നിലെ ക്യാമ്പിലേക്ക് ഡോക്ടറെ എത്തിക്കണമെന്നാണ് ആവശ്യം. ഉടൻ തന്നെ ഡോക്ടറുടെ സേവനം ലഭ്യമാക്കാനും കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഷാറൂഖ് സെയ്ഫിയുടെ ആരോഗ്യനില പരിശോധിച്ച ശേഷമാവും തെളിവെടുപ്പ് സംബന്ധിച്ച് തീരുമാനമെടുക്കുകയെന്നും അധികൃതർ അറിയിച്ചു. നേരത്തെ കസ്റ്റഡിയിൽ വിട്ടതോടെ മാലൂർ കുന്നിലെ ക്യാമ്പിലെത്തിച്ച് ഷാറൂഖ് സെയ്ഫിയെ പൊലീസ് വീണ്ടും ചോദ്യം ചെയ്യാൻ ആരംഭിച്ചിരുന്നു. യാത്രക്കാരെ തീകൊളുത്തിയത് എന്തിന്, കുറ്റകൃത്യത്തിന് ആരെങ്കിലും പ്രേരണ നൽകിയോ, ആക്രമണത്തിന് കേരളത്തിൽനിന്ന് സഹായം ലഭിച്ചോ എന്നതടക്കമുള്ള വിവരങ്ങളാണ് പ്രധാനമായും പുറത്തുവരാനുള്ളത്.
ദിവസങ്ങൾ നീളുന്ന ചോദ്യംചെയ്യൽ അവസാനിക്കുന്നതോടെ ഇതിലെല്ലാം വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. പിടിയിലായതിനുപിന്നാലെയുള്ള പ്രാഥമിക ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതി ഷാറൂഖ് സെയ്ഫി എന്തിനുവേണ്ടി, ആർക്കുവേണ്ടി എന്നീ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകിയിരുന്നില്ല. സംസ്ഥാനത്തിനു പുറത്തും അന്വേഷണസംഘം തെളിവെടുപ്പിന് കൊണ്ടുപോകും.
ഏപ്രിൽ 18 വരെയാണ് കോടതി പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഇതിനിടെ ആക്രമണം നടന്ന ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിന്റെ ഡി-വൺ കമ്പാർട്മെന്റ് (ഇതിപ്പോൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണുള്ളത്), മരിച്ച മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയ എലത്തൂർ റെയിൽവേ സ്റ്റേഷനുസമീപത്തെ ട്രാക്ക്, കണ്ണൂർ റെയിൽവേ സ്റ്റേഷൻ, രത്നഗിരി റെയിൽവേ സ്റ്റേഷൻ, പെട്രോൾ വാങ്ങിയ പമ്പ്, ചികിത്സതേടിയ രത്നഗിരിയിലെ ആശുപത്രി എന്നിവിടങ്ങളിലുൾപ്പെടെയാണ് തെളിവെടുപ്പിനായി കൊണ്ട് പോകേണ്ടതുണ്ട്. ഷാറൂഖ് സെയ്ഫിയുടെ ആരോഗ്യനില കൂടി പരിഗണിച്ചാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കു.
ചോദ്യാവലി പ്രകാരം ചോദ്യം ചെയ്തശേഷം ലഭ്യമാവുന്ന വിവരങ്ങൾ കൂടി പരിശോധിച്ചാണ് തെളിവെടുപ്പിന് കൊണ്ടുപോകേണ്ട സ്ഥലങ്ങൾ സംബന്ധിച്ച് സ്ഥിരീകരണമുണ്ടാവുക. ചോദ്യം ചെയ്യൽ പൂർണമായും പൊലീസ് കാമറയിൽ പകർത്തും. പ്രതിയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾക്കനുസരിച്ചാണ് വരും ദിവസങ്ങളിൽ കേസിന്റെ അന്വേഷണം പുരോഗമിക്കുക. ആക്രമണത്തിന് പിന്നിൽ ഷാറൂഖ് സെയ്ഫി തനിച്ചല്ലെന്നും പിന്നിൽ വൻ ആസൂത്രണം നടന്നിട്ടുണ്ടെന്നുമാണ് പൊലീസ് സംശയിക്കുന്നത്. ഇതിനകം കേസിന്റെ വിവരങ്ങൾ ശേഖരിച്ച ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ), കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐ.ബി), തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) എന്നിവയിലെ ഉദ്യോഗസ്ഥരും വിവരങ്ങൾ ശേഖരിക്കും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.