ഷാരോൺ വധം: മുഖ്യപ്രതിയും കാമുകിയുമായ ഗ്രീഷ്മക്ക് ജാമ്യം

കൊച്ചി: കാമുകനായിരുന്ന ഷാരോൺ എന്ന യുവാവിനെ കഷായത്തിൽ വിഷം ചേർത്ത് നൽകി കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി ​ഗ്രീഷ്‌മക്ക്​ ഹൈകോടതിയുടെ ജാമ്യം. പ്രതിക്കെതി​രെ സമൂഹത്തിൽ നിലനിൽക്കുന്ന വികാരം മാത്രം കണക്കിലെടുത്ത് ജാമ്യം നിഷേധിക്കാനാവില്ലെന്നും വിചാരണ നടക്കാനിരിക്കുന്ന കേസിൽ ജാമ്യം തടഞ്ഞ്​ പ്രതിയെ ശിക്ഷിക്കാനാവില്ലെന്നും നിരീക്ഷിച്ചാണ്​ ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ്​ ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതിനെത്തുടർന്ന് ബന്ധത്തിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിട്ടും സമ്മതിക്കാതിരുന്നതിനെത്തുടർന്ന് ഗ്രീഷ്മ ഷാരോണിനെ വീട്ടിൽ വിളിച്ചുവരുത്തി വിഷം കലർന്ന കഷായം നൽകിയെന്നും തുടർന്ന് ആശുപത്രിയിൽ മരിച്ചുവെന്നുമാണ് കേസ്. 2022 ഒക്ടോബർ 17ന് കഷായം കുടിച്ച് ഗുരുതരാവസ്ഥയിലായ ഷാരോൺ 25ന് തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഗ്രീഷ്മ 2022 നവംബർ ഒന്നുമുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. തെളിവു നശിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിന് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമല കുമാരൻ നായർ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക്​ നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ ജനുവരി 25ന്​ കുറ്റപത്രവും നൽകി. തുടർന്നാണ് ജാമ്യം തേടി ഗ്രീഷ്മ ഹരജി നൽകിയത്.

അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും വിചാരണ നടക്കാനിരിക്കുന്ന കേസിൽ ഇനിയും കസ്റ്റഡിയിൽ തുടരേണ്ട സാഹചര്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ്​ ജാമ്യത്തിന്​ അപേക്ഷിച്ചത്​. ഷാരോണിന്‍റെ മരണമൊഴിയിൽ തനിക്കെതിരെ ആരോപണമില്ല. കസ്റ്റഡിയിൽ വിചാരണ ചെയ്യണമെന്ന പ്രോസിക്യൂഷൻ ആവശ്യം സെഷൻസ് കോടതി അനുവദിച്ചെങ്കിലും ഹൈകോടതി റദ്ദാക്കിയതായും അവർ വാദിച്ചു. ഇക്കാര്യങ്ങൾ പരിഗണിച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകക്കുള്ള രണ്ട് ആൾ ജാമ്യവുമാണ് മുഖ്യ വ്യവസ്ഥ. 

അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ പ്രതിയെ ഇനിയും ജുഡീഷ്യൽ കസ്റ്റഡിയിൽ വെക്കേണ്ടതില്ല എന്ന് ഹൈകോടതി വിലയിരുത്തി. കേസിന്റെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന ഹരജി പരിഗണിക്കുന്നത് ഹൈകോടതി മാറ്റി വെച്ചു. കേസിലെ മറ്റ് പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനും അമ്മാവൻ നിർമൽ കുമാറിനും നേരത്തേ ജാമ്യം ലഭിച്ചിരുന്നു.

നെയ്യൂരിലെ സ്വകാര്യ കോളജിൽ ബി.എസ്‌.സി റേഡിയോളജി അവസാന വർഷ വിദ്യാർഥിയായിരുന്ന ഷാരോൺ രാജ് ഒരു ബസ് യാത്രക്കിടെയാണ് ഗ്രീഷ്മയെ പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി.മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്നുമാണ് പെൺകുട്ടി പൊലീസിനോട് സമ്മതിച്ചത്.

ഷാരോണിന്റെ മരണമൊഴിയിൽ പോലും ഗ്രീഷ്മയെ സംശയിച്ചിരുന്നില്ല. ആദ്യം പാറശ്ശാല പൊലീസ് സാധാരണ മരണമെന്ന നിഗമനത്തിലെത്തിലായിരുന്നു. പിന്നീട് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമായിരുന്നു ഞെട്ടിക്കുന്ന കണ്ടെത്തൽ.

Tags:    
News Summary - Sharon murder: Bail to main accused Greeshma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.