തിരുവനന്തപുരം: പാറശ്ശാലയിൽ പെൺസുഹൃത്തിന്റെ വീട്ടിൽനിന്ന് കഷായവും ജ്യൂസും കഴിച്ച ഷാരോൺ രാജ് മരിച്ച സംഭവത്തെക്കുറിച്ച അന്വേഷണം ജില്ല റൂറൽ ക്രൈംബ്രാഞ്ചിന് കൈമാറിയതായി ജില്ല റൂറൽ പൊലീസ് മേധാവി ഡി. ശിൽപ വാർത്തസമ്മേളനത്തിൽ അറിയിച്ചു.റൂറൽ ജില്ല അഡീഷനൽ പൊലീസ് സൂപ്രണ്ട് സുൽഫിക്കറിന്റെ മേൽനോട്ടത്തിൽ ജില്ല ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി കെ.ജെ. ജോൺസന്റെ നേതൃത്വത്തിലാണ് അന്വേഷണം.
പാറശ്ശാല എസ്.എച്ച്.ഒ ഹേമന്ത് കുമാർ, എസ്.ഐ സജി, സൈബർ പൊലീസ് സ്റ്റേഷൻ എസ്.ഐ സതീഷ് ശേഖർ, എസ്.ഐ ഷാജഹാൻ, എസ്.സി.പി.ഒ പ്രതീഷ്, ജില്ല ക്രൈംബ്രാഞ്ച് സി.പി.ഒ ഷിനി ലാൽ, വനിത സെൽ സി.പി.ഒമാരായ ഷാജിദാസ്, സൈബർ പൊലീസ് സി.പി.ഒ വിലാസനൻ, വനിത സി.പി.ഒ സന്ധ്യ എന്നിവരുൾപ്പെട്ട പത്തംഗ പ്രത്യേക സംഘത്തെയാണ് നിയോഗിച്ചത്. മരണവുമായി ബന്ധപ്പെട്ട് ഷാരോണിന്റെ കുടുംബവും പൊതുസമൂഹവും ഉയർത്തുന്ന സംശയങ്ങളിൽ സമഗ്ര അന്വേഷണം നടത്താൻ അന്വേഷണ സംഘത്തിന് നിർദേശം നൽകിയെന്ന് എസ്.പി പറഞ്ഞു.
പാറശ്ശാല സ്വദേശി ഷാരോൺ രാജ് കളിയിക്കാവിളയിലെ പെൺസുഹൃത്തിന്റെ വീട്ടിൽനിന്ന് കഴിഞ്ഞ 14ന് കഷായവും ജ്യൂസും കഴിച്ചശേഷമാണ് അസുഖബാധിതനായത്. 25ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു.റെക്കോഡ് പുസ്തകം തിരികെ വാങ്ങാൻ സുഹൃത്തിനൊപ്പമാണ് ഷാരോൺ പെൺകുട്ടിയുടെ വീട്ടിലെത്തിയത്. പിന്നീട് ഛർദിച്ച് അവശനായ ഷാരോണിനെ പാറശ്ശാലയിലെ ആശുപത്രിയിലും തൊണ്ടവേദനയെ തുടർന്ന് വലിയതുറ, തിരുവനന്തപുരം ഫോർട്ട് ആശുപത്രികളിലും എത്തിച്ചു.
17നാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. പൊലീസ് ഷാരോണിന്റെ മൊഴിയെടുത്തെങ്കിലും ആരെയും സംശയമുള്ളതായി പറഞ്ഞിരുന്നില്ല. മജിസ്ട്രേറ്റ് നടത്തിയ മൊഴിയെടുപ്പിലും ആരെയും സംശയമില്ലെന്ന് ആവർത്തിച്ചതായി എസ്.പി പറഞ്ഞു. 26ന് അസ്വാഭാവിക മരണത്തിന് പാറശ്ശാല പൊലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിഷാംശം ഉള്ളിൽചെന്നതിന് തെളിവില്ല.
ആന്തരികാവയവങ്ങൾ ഫോറൻസിക് ലാബിൽ പരിശോധനക്ക് കൈമാറി. ഷാരോണിന്റെ ബന്ധുക്കൾ മരണത്തിൽ ദുരൂഹത ആരോപിച്ചതോടെയാണ് കേസ് ജില്ല ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനിച്ചത്. ഷാരോണിന്റെ ബന്ധുക്കളുടെ ആരോപണം, പാനീയം കുടിച്ച് സമീപപ്രദേശത്തുണ്ടായ മരണം, ഇവിടങ്ങളിലെ ലഹരിമാഫിയയുടെ പ്രവർത്തനം, വീട്ടിൽ വന്നയാൾക്ക് കഷായം നൽകിയത് തുടങ്ങിയവയെല്ലാം പൊലീസ് പരിശോധിക്കുമെന്ന് എസ്.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.