തിരുവനന്തപുരം: സ്കൂൾതല മത്സരങ്ങൾ പൂർത്തിയാക്കി ഉപജില്ല ശാസ്ത്ര മേളകൾ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നിലവിലുള്ള ഇനങ്ങൾ ഒഴിവാക്കിയും പുതിയ ഇനങ്ങൾ കൂട്ടിച്ചേർത്തും വിദ്യാഭ്യാസ വകുപ്പിന്റെ തലതിരിഞ്ഞ മാന്വൽ പരിഷ്ക്കരണം. എൽ.പി, യു.പി വിഭാഗം കുട്ടികളുടെ മത്സര ഇനത്തിൽനിന്ന് പനയോല കൊണ്ടുള്ള ഉൽപന്നങ്ങളുടെ നിർമാണം, വോളിബാൾ/ ബാഡ്മിന്റൺ നെറ്റ് നിർമാണം, ചോക്ക് നിർമാണം എന്നിവ ഒഴിവാക്കിയപ്പോൾ ഒറിഗാമി, പോട്ടറി പെയിന്റിങ്, പോസ്റ്റർ ഡിസൈൻ എന്നീ ഇനങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ വിഭാഗത്തിൽ ചന്ദനത്തിരി നിർമാണം, പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിച്ചുള്ള നിർമാണം, പനയോല, തഴയോല, കുടനിർമാണം, വോളിബാൾ നെറ്റ് നിർമാണം, ചോക്ക് നിർമാണം എന്നിവ ഒഴിവാക്കിയപ്പോൾ ക്യാരി ബാഗ് നിർമാണം, ഫൈബർ ഫാബ്രിക്കേഷൻ, നൂതനാശയങ്ങളുടെ പ്രവർത്തന മോഡൽ, ലോഹത്തകിടിൽ ദ്വിമാനരൂപ ചിത്രണം, പോസ്റ്റർ ഡിസൈനിങ്, പോട്ടറി പെയിന്റിങ്, കവുങ്ങിൻപോള കൊണ്ടുള്ള ഉൽപന്നങ്ങൾ, ചൂരൽ ഉൽപന്നങ്ങൾ എന്നിവ പുതുതായി ഉൾപ്പെടുത്തി.
കഴിഞ്ഞ വർഷം വരെയുണ്ടായിരുന്ന ഇനങ്ങളിൽ പങ്കെടുക്കാൻ വിദ്യാർഥികൾ പരിശീലനം നടത്തിവരുന്നതിനിടെയാണ് ചില ഇനങ്ങൾ ഒഴിവാക്കുന്നത്. പുതിയ ഇനങ്ങൾ കൂട്ടിച്ചേർക്കുമ്പോൾ ഇവയിൽ മതിയായ പരിശീലനത്തിനുള്ള സമയവും കുട്ടികൾക്ക് ലഭിക്കില്ലെന്ന ആക്ഷേപവും ഉയർന്നുകഴിഞ്ഞു. മാന്വൽ പരിഷ്ക്കരണം വൈകിയതാണ് വിദ്യാർഥികൾക്ക് തിരിച്ചടിയായത്. മാന്വൽ പരിഷ്ക്കരിച്ചുള്ള ഉത്തരവ് വ്യാഴാഴ്ചയാണ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്.
അധ്യയന വർഷം ആരംഭിച്ച് നാല് മാസം പിന്നിട്ട ശേഷമാണ് മാന്വൽ പരിഷ്ക്കരണം നടത്തുന്നത്. വൈകി ഇറക്കിയ മാന്വൽ പരിഷ്കരണ ഉത്തരവ് കുട്ടികളെ ദ്രോഹിക്കുന്നതും മേളകളെ തകർക്കുന്നതുമാണെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദും ജനറൽ സെക്രട്ടറി പി.കെ. അരവിന്ദനും കുറ്റപ്പെടുത്തി.
മാന്വൽ പരിഷ്കരണ ഉത്തരവ് അടിയന്തരമായി പിൻവലിച്ച് കുട്ടികളുടെയും അധ്യാപകരുടെയും ആശങ്ക അകറ്റണമെന്നും കെ.പി.എസ്.ടി.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.