1. പെൺകുട്ടിയുടെ സഹോദരി 2. അറസ്റ്റിലായ കരാട്ടെ പരിശീലകൻ 

അവൾ ആത്മഹത്യ ചെയ്യില്ല, നീതിക്കായി പോരാടാൻ തീരുമാനിച്ചിരുന്നു; മരണത്തിൽ ദുരൂഹതയുണ്ടെന്ന് സഹോദരിമാർ

മലപ്പുറം: മലപ്പുറം എടവണ്ണപ്പാറയിലെ പ്ലസ് വൺ വിദ്യാർഥിനിയുടെ ദുരൂഹ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ബന്ധുക്കൾ. പെൺകുട്ടി ആത്മഹത്യ ചെയ്യില്ലെന്നും കടുത്ത മനപ്രയാസമുണ്ടായിരുന്നെങ്കിലും നീതിക്കായി പോരാടാൻ അവൾ തീരുമാനിച്ചിരുന്നതായും മരിച്ച വിദ്യാർഥിനിയുടെ സഹോദരിമാർ മാധ്യമങ്ങളോട് പറഞ്ഞു.

പ്രതി മറ്റ് പെൺകുട്ടികളെയും പീഡിപ്പിച്ചിരുന്നതായും രണ്ട് പോക്സോ കേസുകളിൽ പ്രതിയാണെന്നും സഹോദരിമാർ വ്യക്തമാക്കി. പീഡനത്തെ കുറിച്ച് ചോദിച്ചപ്പോൾ ആദ്യം ഒഴിഞ്ഞുമാറിയെന്നും പിന്നീട് തെറ്റുപറ്റിയെന്ന് പറഞ്ഞതായും അവർ പറയുന്നു.

സഹോദരിയുടെ മരണത്തിൽ ദുരൂഹതയുണ്ട്. മുട്ടോളം ഇറക്കമുള്ളതും ഫുൾകൈ വസ്ത്രവും ഷോളും ധരിച്ചാണ് കുട്ടി പോയത്. എന്നാൽ, മേൽവസ്ത്രവും ഷോളും ഇല്ലാത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒഴുക്കില്ലാത്ത സ്ഥലമായതിനാൽ വസ്ത്രം ഒഴുകിപ്പോകാനും സാധ്യതയില്ല. ഒരു കാലിലെ ചെരുപ്പും കാണാനില്ല. രണ്ട് കൈ മുന്നോട്ടും കാൽ മടങ്ങിയ നിലയിലുമാണ് മൃതദേഹം കിടന്നിരുന്നത്. ചാടി മരിച്ച ഒരാൾ അത്തരത്തിൽ കിടക്കില്ലെന്നും മറ്റൊരു സഹോദരി പറയുന്നു.

തിങ്കളാഴ്ച വൈകീട്ട് ആറോടെ ചാലിയാറിലെ വാഴക്കാട് മപ്രം മുട്ടുങ്ങൽ കടവിലാണ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ പുഴയിലാണ് പെൺകുട്ടിയുടെ മൃതദേഹം ഉണ്ടായിരുന്നത്.

ആറ് മണി മുതൽ കാണാതായ പെൺകുട്ടിക്കായി ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെയാണ് പുഴയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്നാണ് മരണത്തിൽ ദുരൂഹത ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ കരാട്ടെ പരിശീലകനെതിരെ വാഴക്കാട് പൊലീസിന് പിതാവ് പരാതി നൽകിയത്.

സംഭവം നടന്ന ദിവസം അപരിചിതരായ രണ്ടു പേരെ പെൺകുട്ടിയെ കണ്ടെത്തിയ സ്ഥലത്തിന് സമീപം കണ്ടിരുന്നു. പ്രദേശവാസികൾ ചിലർ അടുത്തേക്ക് ചെന്നപ്പോൾ മുഖം നൽകാതെ ഇവർ ബൈക്ക് ഓടിച്ച് പോയതായും ബന്ധുക്കൾ പരാതിയിൽ പറയുന്നു. പരിശീലകൻ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതിനാൽ പെൺകുട്ടി മാനസികമായി തളർന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയ പെൺകുട്ടി പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയിരുന്നു. അധ്യാപകനെതിരായ പരാതി കോഴിക്കോട് ചൈൽഡ് വെൽഫയർ കമ്മിറ്റി വഴി പൊലീസിന് കൈമാറിയിരുന്നെങ്കിലും മാനസിക സമ്മർദം കാരണം പെൺകുട്ടിയുടെ മൊഴിയെടുക്കാൻ കഴിഞ്ഞിരുന്നില്ല. 

Tags:    
News Summary - She will not kill herself; The sisters decided to fight for justice -Edavannappara Plus one Student Death Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:01 GMT