ചാത്തന്നൂർ: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽപെട്ട ഇ.എം.സി.സി കമ്പനി ഡയറക്ടറും കുണ്ടറ മണ്ഡലത്തിലെ സ്ഥാനാർഥിയുമായിരുന്ന ഷിജു വർഗീസിനെ കാർ കത്തിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഷിജു വർഗീസ് തന്നെ കസ്റ്റഡിയിൽ. ഗോവയിൽനിന്നാണ് ഇയാെള കസ്റ്റഡിയിലെടുത്തത്. നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ദിവസം പുലർച്ച നടന്ന സംഭവം ആസൂത്രിതമായിരുന്നെന്ന് പൊലീസ് കണ്ടെത്തി.
വിവാദത്തിൽ ആരോപണവിധേയയായ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മക്കെതിരെ ഡി.എസ്.ജെ.പി സ്ഥാനാർഥി ആയാണ് ഷിജു വർഗീസ് മത്സരിച്ചത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിെൻറ ഭാഗമായി നടത്തിയ ആസൂത്രിത അക്രമനാടകമായിരുന്നു ഇതെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ അന്നുതന്നെ ആക്ഷേപമുന്നയിച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മലയിൻകീഴ് ഭാഗ്യാലയത്തിൽ വിനുകുമാർ (41) അറസ്റ്റിലായതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. ഇയാളെ ചാത്തന്നൂർ എ.സി.പി നിസാമുദ്ദീെൻറ നേതൃത്വത്തിൽ അന്വേഷണസംഘം ചോദ്യം ചെയ്തപ്പോഴാണ് ഷിജു വർഗീസിെൻറ നേതൃത്വത്തിൽ നടന്ന നാടകമായിരുന്നു സംഭവമെന്ന വിവരം ലഭിച്ചത്. തുടർന്ന് കൊല്ലം സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ ഷാഡോ സംഘം ഗോവയിൽനിന്ന് ഷിജു വർഗീസിനെയും ഡ്രൈവർ പ്രേംകുമാറിനെയും കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം കേന്ദ്രമായ ക്വട്ടേഷൻ സംഘത്തിലെ അംഗമാണ് പിടിയിലായ വിനുകുമാറെന്ന് സൂചനയുണ്ട്. അഞ്ചംഗ സംഘമാണ് സംഭവത്തിന് പിന്നിലെന്നും മറ്റ് രണ്ടുപേർക്കായി പൊലീസ് അന്വേഷണം നടത്തിവരുന്നതായുമായാണ് വിവരം.
തെരഞ്ഞെടുപ്പ് ദിവസം പുലർച്ച കണ്ണനല്ലൂർ-കുണ്ടറ റോഡിൽ ആളൊഴിഞ്ഞ സ്ഥലത്തുെവച്ച് ഷിജു വർഗീസ് സഞ്ചരിച്ച കാറിനുനേരെ കത്തുന്ന ഏതോ ദ്രാവകം കുപ്പിയിൽ നിറച്ച് എറിഞ്ഞെന്നായിരുന്നു പരാതി.
അറസ്റ്റിലായ വിനുകുമാറിനെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഷിജു വർഗീസിനെയും ഡ്രൈവറെയും വ്യാഴാഴ്ച ചാത്തന്നൂരിലെത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.