കൊച്ചി: മുനമ്പം തീരത്തു നിന്ന്​ മത്സ്യബന്ധനത്തിന് പോയ ​ബോട്ടിൽ കപ്പലിടിച്ച്​ മൂന്നു പേർ മരിച്ചു. തമിഴ്നാട് രാമൻതുറ സ്വദേശികളായ യുഗനാഥൻ (45), മണക്കുടി (50), യാക്കൂബ് (57) എന്നിവരാണ് മരിച്ചത്. രക്ഷപ്പെട്ട മൂന്നു പേരിൽ രണ്ടു പേരെ കരക്കെത്തിച്ചു. ബംഗാൾ സ്വദേശി നരേൻ സർക്കാർ, തമിഴ്നാട് സ്വദേശി എഡ്വിൻ എന്നിവരെ പറവൂരിലെ ആശുപത്രിയിലേക്ക് മാറ്റി. കൂടാതെ മുനമ്പം ഹാർബറിൽ എത്തിച്ച രണ്ടു പേരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അപകടത്തിൽ കാണാതായ എട്ടു പേർക്കായി തെരച്ചിൽ പുരോഗമിക്കുന്നതായി റൂറൽ എസ്.പി മാധ്യമങ്ങളെ അറിയിച്ചു. ​11 തമിഴ്​നാട്ടിലെ​ കുളച്ചൽ സ്വദേശികളും രണ്ടു  ബംഗാളിലെ കൊൽക്കത്ത സ്വദേശികളും ഒരാൾ മലയാളിയും ആണെന്ന് റിപ്പോർട്ടുണ്ട്. മുനമ്പം മാല്യങ്കര സ്വദേശി ഷിജുവിനെ കാണാതായെന്നും വിവരമുണ്ട്. മരണപ്പെട്ടവരുടെ മൃതദേഹങ്ങളും പരിക്കേറ്റവരെയും മുനമ്പം ഹാർബറിൽ എത്തിക്കും.

എം.വി. ദേശ് ശക്തി
 

അതേസമയം, അപകടത്തിന് കാരണമായ കപ്പൽ തിരിച്ചറിഞ്ഞു. മുംബൈ ആസ്ഥാനമായ എം.വി. ദേശ് ശക്തി എന്ന ക്രൂഡ് ഒായിൽ കപ്പലാണ് ബോട്ടിൽ ഇടിച്ചതെന്നാണ് മറൈൻ ട്രാക്കിങ് വിഭാഗം സ്ഥിരീകരിച്ചത്. നിലവിൽ കപ്പൽ ചെന്നൈയിൽ നിന്ന് ഇറാക്കിലെ ബസ്രയിലേക്കുള്ള യാത്രയിലാണ്. കപ്പൽ ജീവനക്കാരെ ചോദ്യം ചെയ്യാനായി നാവികസേനയുടെ ഡോണിയർ വിമാനം പുറപ്പെട്ടു.

ചൊവ്വാഴ്​ച പുലർ​ച്ചെ മൂന്നു മണിയോടെ കരയിൽ നിന്ന് 28 നോട്ടിക്കൽ മൈൽ അകലെ അന്താരാഷ്ട്ര കപ്പൽ ചാലിന് സമീപത്താണ്​ സംഭവം. മുനമ്പം ഹാർബറിൽ നിന്ന് പുറപ്പെട്ട ഒാഷ്യാനസ് എന്ന ബോട്ടിലാണ്​ കപ്പൽ ഇടിച്ചത്​. നാട്ടിക തീരത്ത് നിന്ന് 14 കിലോമീറ്റർ അകലെ പടിഞ്ഞാറൻ പുറംകടലിലാണ് അപകടം നടന്നത്. മുനമ്പം ഹാർബറിൽ നിന്ന് തിങ്കളാഴ്ച​ വൈകീട്ടാണ് ബോട്ട് മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. 


പൂർണമായി തകർന്ന ബോട്ടിൽ അപകട സമയത്ത് 14 തൊഴിലാളികൾ ഉണ്ടായിരുന്നു. അപകടത്തെ തുടർന്ന് കടലിൽ വീണ് ഒഴുകി നടന്നവരെ മറ്റ് മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തുകയായിരുന്നു. ബോട്ടിനെ ഇടിച്ചിട്ട കപ്പൽ ഏതെന്ന്​ തിരിച്ചറിഞ്ഞിട്ടില്ല. കൊച്ചി സ്വദേശി പി.വി. ശിവന്‍റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് ഒാഷ്യാനസ്.

തീരസംരക്ഷണസേനയും നാവികസേനയും നടത്തുന്ന രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കരയിൽ പൊലീസിന്‍റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. മത്സ്യത്തൊഴിലാളികൾക്ക് എല്ലാ ചികിത്സാ സഹായവും ഉറപ്പാക്കുമെന്നും ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ മാധ്യമങ്ങളെ അറിയിച്ചു.

ബോട്ടിൽ ഇടിച്ച കപ്പലിന്‍റെ സഞ്ചാരപഥം
 


2012 ഫെബ്രുവരി 15ന് ഇറ്റാലിയൻ കപ്പലായ എൻറിക ലെക്സിയിലെ സുരക്ഷാഭടന്മാർ നടത്തിയ വെടിവെപ്പിൽ മലയാളി അടക്കം രണ്ട് മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു. കൊല്ലം ജില്ലയിലെ നീണ്ടകരയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ മൂദാക്കര ഡെറിക് വില്ലയിൽ വാലന്‍റൈൻ, കന്യാകുമാരിയിലെ ഇരയിമ്മാൻതുറ കോവിൽ വിളാകത്ത് അജീഷ് പിങ്കു എന്നിവരാണ് കൊല്ലപ്പെട്ടത്. മത്സ്യബന്ധന ബോട്ടിലിടിച്ച ശേഷം കടന്നു കളഞ്ഞ കപ്പൽ പിന്നീട് നാവികസേന കണ്ടെത്തുകയായിരുന്നു. 

Tags:    
News Summary - Ship hit Fishing boat in Kochi Sea; Three dead -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.