നേമം: റോഡ് നവീകരണം ഒരു കുടുംബത്തിന് വിനയായി മാറുന്നതാണ് ഈ ഗൃഹനാഥന് പറയാനുള്ളത്. ഭഗവതിപുരം ഗാന്ധിജിനഗര് എസ്.എസ് നിവാസില്‍ ശിവകുമാറിനും (52) കുടുംബത്തിനുമാണ് റോഡ് നവീകരണം ദുരവസ്ഥ സമ്മാനിച്ചിരിക്കുന്നത്.
ആറ് കോടി രൂപ വിനിയോഗിച്ച് വെള്ളനാട്-കണ്ണമ്പള്ളി-മുളയറ റോഡ് നവീകരണം നടക്കുകയാണ്. നവീകരണത്തിന്റെ ഭാഗമായി റോഡിന്റെ വശം കരിങ്കല്ല് കെട്ടി ഉയര്‍ത്തിയതോടെ ശിവകുമാറും കുടുംബവും 15 മീറ്ററോളം താഴ്ചയിലായി. ഇതോടെ റോഡില്‍നിന്ന് വീട്ടില്‍ ഇറങ്ങാനും പുറത്ത് പോകാനും ഏണി കയറേണ്ട ദുരവസ്ഥയിലായി കുടുംബം.
ഒന്നരമാസമായി വീട്ടിലേക്ക് ഏണിയില്‍ കയറിയിറങ്ങുകയാണ്. നിരന്തരം ഏണിയില്‍ കയറിയിറങ്ങാന്‍ സാധിക്കാത്തതിനാല്‍ റോഡിനോട് ചേര്‍ന്ന് വീടിന്റെ മുകള്‍ഭാഗത്ത് ടാര്പോളിന്കെട്ടി രാവിലെ മുതല്‍ വൈകീട്ട് വരെ ഇതിനുള്ളില്‍ കഴിയുകയാണ് കുടുംബാംഗങ്ങളെന്ന് ശിവകുമാര്‍ പറഞ്ഞു. ഇത്രയും ഗതികേടില്‍ ഏറെ വിഷമത്തിലാണെന്നും ഇവര്‍ പറയുന്നു. വീടിന്റെ മുകളില്‍ തടികള്‍ അടുക്കിയാണ് കിണറ്റില്‍നിന്ന് വെള്ളം കോരുന്നത്. കരിങ്കല്കെട്ടിനോട് ചേര്‍ന്ന് റാംപ് നിര്‍മിച്ചാലേ ശിവകുമാറിനും കുടുംബത്തിനും ഇനി വീട്ടിലേക്ക് വഴിയൊരുക്കാന്‍ കഴിയൂ.
അധികൃതരുടെ അനാസ്ഥയില്‍ താനും ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം ബുദ്ധിമുട്ടുകയാണെന്നും വഴിയൊരുക്കാന്‍ അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ട് ജില്ല കലക്ടര്‍, പൊതുമരാമത്തുവകുപ്പ് എന്നിവര്‍ക്ക് പരാതി നല്കി കാത്തിരിക്കുകയാണ് ശിവകുമാറും കുടുംബവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.