കൊച്ചി: ലൈഫ് മിഷൻ കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ഈ മാസം 20 വരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ (ഇ.ഡി) കസ്റ്റഡിയിൽ വിട്ടു. 10 ദിവസത്തെ കസ്റ്റഡിയാണ് ഇ.ഡി ആവശ്യപ്പെട്ടതെങ്കിലും കോടതി അഞ്ചുദിവസം മാത്രമാണ് അനുവദിച്ചത്. ആവശ്യമെങ്കിൽ പിന്നീട് നീട്ടി നൽകാമെന്ന് വ്യക്തമാക്കിയാണ് കലൂരിലെ പ്രത്യേക (കള്ളപ്പണം തടയൽ നിയമപ്രകാരമുള്ള) കോടതി കസ്റ്റഡി അനുവദിച്ചത്. 20ന് ഉച്ചക്ക് 2.30ന് തിരികെ ഹാജരാക്കാനാണ് നിർദേശം. കോടതിയിൽ ഹാജരാക്കുന്നതിനിടെ ഇ.ഡിക്ക് എതിരെ ശിവശങ്കർ കോടതിയിൽ പരാതി ഉന്നയിച്ചു. തെൻറ ആരോഗ്യ സ്ഥിതി പരിഗണിക്കാതെ രാത്രി 12 വരെ ചോദ്യം ചെയ്തെന്നായിരുന്നു പരാതി. കള്ളപ്പണ ഇടപാടുകേസിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ചൊവ്വാഴ്ചയാണ് ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.
ലൈഫ് മിഷൻ നിർമാണ കരാർ യൂനിടാക് ബിൽഡേഴ്സിന് നൽകാൻ മറ്റ് പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തിയതിനും കോഴ ഇടപാടിലും ശിവശങ്കറിന് പങ്കുള്ളതായി തെളിവുണ്ടെന്ന് കോടതിയിൽ ഇ.ഡി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. യൂനിടാക് ബിൽഡേഴ്സ് സ്വപ്ന സുരേഷിന് നൽകിയ ഐ-ഫോണുകളിലൊന്ന് ശിവശങ്കറിനാണ് കിട്ടിയത്. കോഴപ്പണം സൂക്ഷിക്കാൻ സ്വപ്നക്ക് ബാങ്ക് ലോക്കർ എടുക്കാനും ശിവശങ്കർ സഹായിച്ചെന്നും ഇ.ഡി ആരോപിച്ചു. ഇടപാടിനെക്കുറിച്ച് ശിവശങ്കറിനുമാത്രം അറിയാവുന്ന കാര്യങ്ങൾ ചോദിച്ച് അറിയേണ്ടതുണ്ട്. ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും തെറ്റായ വിവരങ്ങൾ നൽകുന്നതിനാൽ കൂടുതൽ കസ്റ്റഡി വേണമെന്നുമായിരുന്നു ഇ.ഡിയുടെ ആവശ്യം.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് 2020 ഒക്ടോബർ 28ന് ഇ.ഡി ശിവശങ്കറിനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന്, സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ തുടർച്ചയായാണ് ലൈഫ് മിഷൻ കേസിലും ശിവശങ്കറിനെ പ്രതിചേർത്ത് അറസ്റ്റ് ചെയ്തത്. യൂനിടാക് ബിൽഡേഴ്സ് എം.ഡി സന്തോഷ് ഈപ്പനാണ് ഒന്നാംപ്രതി. ശിവശങ്കർ കേസിലെ അഞ്ചാം പ്രതിയാണ്. കേസിൽ 3.38 കോടിയുടെ കള്ളപ്പണ ഇടപാട് നടന്നതായാണ് ഇ.ഡിയുടെ പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.