മാനന്തവാടി: ഗോത്ര വിഭാഗങ്ങളുടെ ഭാഷ മുഖ്യധാരയിലേക്ക് എത്തിക്കാൻ കുടുംബശ്രീ മിഷൻ തിരുനെല്ലി പഞ്ചായത്തിൽ സ്ഥാപിക്കുന്ന സ്വയം തൊഴിൽ ഗുമ്മട്ടി കടകൾ ശ്രദ്ധേയമാകുന്നു. ജില്ല കുടുംബശ്രീ മിഷൻ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കാട്ടുനായ്ക്ക, പണിയ, അടിയ വിഭാഗങ്ങളിലുള്ളവർക്ക് എസ്.ടി വനിത കുടുംബശ്രീ മുഖേന സ്വയം തൊഴിൽ കണ്ടെത്തുന്നതിന് ഗുമ്മട്ടികൾ തുടങ്ങാനായി 30,000 രൂപയാണ് വായ്പ അനുവദിക്കുന്നത്.
ഇത്തരത്തിൽ പഞ്ചായത്തിൽ സ്ഥാപിക്കുന്ന ഗുമ്മട്ടികൾക്കാണ് ആദിവാസി വിഭാഗങ്ങളുടെ തനത് ഭാഷയിൽ പേരുകളും നൽകിയിരിക്കുന്നത്. എല്ലാ കടകളുടെയും മുന്നിലുള്ള ബോർഡുകളിൽ ഞങ്ങളുടെ ടൗൺ എന്നർഥം വരുന്ന നങ്ക അങ്ങാടി എന്ന പൊതുവായ പേരും നൽകിയിട്ടുണ്ട്. എന്നാൽ, വിവിധ സ്ഥലങ്ങളിലെ ബോർഡുകളിലെ പേരുകളാണ് വ്യത്യസ്തമാകുന്നത്.
ചിന്തു പീഡികേ, റാവുളെ പീഡികേ, മണിയൻ പീഡികേ എന്നിങ്ങനെ രസകരമായ പേരുകളാണുള്ളത്. പദ്ധതിയുടെ ഭാഗമായി നിർമിച്ച ആട്ടിൻകൂടിന് എങ്കള പണി എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.
പുതു തലമുറ മറന്നുകൊണ്ടിരിക്കുന്ന ഗോത്രഭാഷ പുനരുജ്ജീവിപ്പിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മുൻ ഗ്രാമപഞ്ചായത്തംഗം ശ്രീജ പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി 50 ഗുമ്മട്ടികളാണ് പഞ്ചായത്തിൽ സ്ഥാപിക്കുന്നത്. ഇതിൽ ഏഴു കടകളുടെ പ്രവൃത്തികൾ ഇതിനകം പൂർത്തീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.