തൃശൂർ: സൗജന്യ ഓണക്കിറ്റിൽ ഉൾപ്പെടുത്തിയ സാധനങ്ങൾ കിട്ടാത്തതിനാൽ വിതരണം താളം തെറ്റും. വിവിധ സാധനങ്ങൾ ലഭിക്കാത്തതിനാൽ സപ്ലൈകോ ഡിപ്പോകളിൽ കിറ്റ് പൂർണമായി പാക്ക് ചെയ്യാനാവാത്ത സാഹചര്യമാണ്. ഇതിനാൽ സ്റ്റോക്കില്ലാത്ത സാധനങ്ങൾക്കുപകരം മറ്റ് വസ്തുക്കൾ ഉൾപ്പെടുത്താൻ നിർദേശം നൽകി. കിറ്റിൽ ഉൾപ്പെടുത്തിയ 250 ഗ്രാം തുവരപ്പരിപ്പ് കിട്ടാത്ത സാഹചര്യത്തിൽ പകരം 250 ഗ്രാം ഉഴുന്ന് ഉൾപ്പെടുത്താനാണ് നിർദേശം.
500 ഗ്രാം ചെറുപയറിന് പകരം 500 ഗ്രാം വൻപയറോ അല്ലെങ്കിൽ 750 ഗ്രാം കടലയോ നൽകാനാണ് നിർദേശം. 20 ഗ്രാം ഏലക്കക്കും 50 ഗ്രാം കശുവണ്ടിക്കും പകരം ഒരു കിലോ പഞ്ചസാരയോ ആട്ടയോ നൽകാനും ഉത്തരവിലുണ്ട്.
കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ കശുവണ്ടി കിട്ടാത്ത സാഹചര്യത്തിൽ ഡിപ്പോ മാനേജ്മെൻറ് കമ്മിറ്റിക്ക് കശുവണ്ടി 50 ഗ്രാം പാക്കറ്റ് ജി.എസ്.ടിക്ക് പുറമേ 36 രൂപക്കും കശുവണ്ടി ലൂസ് കിലോ 640 രൂപക്കും വാങ്ങാനും അനുമതി നൽകി. പായസത്തിനായി 20 ഗ്രാം ഏലക്കയും കശുവണ്ടിയും ഒരു കിറ്റിൽ ഉൾപ്പെടുത്തുന്നതിന് 35 മുതൽ 90 രൂപ വരെയാണ് വിവിധ താലൂക്ക് ഡിപ്പോകൾ നേരത്തേ വാങ്ങിയത്. കിലോക്ക് 4500 രൂപക്ക് വരെ ഏലക്ക വാങ്ങിയ ഡിപ്പോകളുണ്ട്. ഇതാണ് വില നിർണയിച്ച് സാധനം വാങ്ങാൻ അനുമതി നൽകാൻ കാരണം.
കിറ്റിൽ ഉൾപ്പെടുത്തുന്നതടക്കം സപ്ലൈകോ ശബരി ഉൽപന്നങ്ങളുടെ അഭാവം വിൽപനശാലകളിലുണ്ടെന്ന കണ്ടെത്തലിൽ വെള്ളിയാഴ്ച അത് വാങ്ങാനാവശ്യമായ നടപടികൾ സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കിറ്റ് സംബന്ധിച്ച് നേരത്തേ അറിയിപ്പ് ഉണ്ടായിട്ടും ജൂലൈ അവസാനത്തിലാണ് സപ്ലൈകോ നടപടികൾ തുടങ്ങിയത്. ഇ-ടെൻഡർ അടക്കമുള്ള നടപടികൾ ഏറെ വൈകിയാണ് നടത്തിയത്.
കഴിഞ്ഞ 21നാണ് ടെൻഡർ അനുവദിച്ചതുതന്നെ. ശേഷം വിതരണക്കാർക്ക് സാധനം എത്തിച്ചുനൽകാൻ വൈകിയാതാണ് കാര്യങ്ങൾ കുളമാവാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.