തിരുവനന്തപുരം: വടക്കൻ ജില്ലകളിലെ പ്ലസ് വൺ സീറ്റുകളിലെ കുറവ് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം. സീറ്റിന്‍റെ കാര്യത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും കടുത്ത ആശങ്കയിലാണെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ എം.കെ. മുനീർ ചൂണ്ടിക്കാട്ടി.
വടക്കൻ ജില്ലകളിൽ വൻതോതിൽ പ്ലസ് വൺ സീറ്റ് കുറവാണ്. സീറ്റ് വർധിപ്പിക്കാൻ കഴിയില്ലെന്ന് കോടതി വിധിയുണ്ട്. അതിനാൽ ബാച്ചുകളുടെ എണ്ണമാണ് വർധിപ്പിക്കേണ്ടത്. കഴിഞ്ഞ തവണ 75,000 വിദ്യാർഥികളാണ് ഒാപ്പൺ സ്കൂളിൽ പഠിച്ചത്.
പ്രശ്ന പരിഹാരത്തിന് സംസ്ഥാന സർക്കാറിന്‍റെ ഭാഗത്ത് നിന്ന് ഇടപെടലില്ല. പ്ലസ് വൺ പ്രവേശനത്തിന് മാനദണ്ഡം പോലും ഇറക്കിയിട്ടില്ല. മുഖ്യമന്ത്രി ഇടപെട്ട് വിഷയത്തിൽ നയപരമായ തീരുമാനം സ്വീകരിക്കണമെന്നും മുനീർ ആവശ്യപ്പെട്ടു.
പ്ലസ് വണിൽ 26481 സീറ്റുകൾ കുറവുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സഭയെ അറിയിച്ചു.മലപ്പുറം ഉൾപ്പെടെ ചില ജില്ലകളിൽ സീറ്റുകൾ കുറവാണ്. ഉപരിപഠനത്തിന് താൽപര്യമുള്ള എല്ലാ വിദ്യാർഥികൾക്കും അവസരം നൽകും. ഒന്നും രണ്ടും അലോട്ട്മെന്‍റ് കഴിയുമ്പോൾ എല്ലാവരുടെയും ആശങ്ക തീരുമെന്നും മന്ത്രി വ്യക്തമാക്കി.
ജില്ലകളിൽ സീറ്റുകൾ റീ അറേഞ്ച്മെന്‍റ് നടത്താൻ ആലോചനയുണ്ട്. ഏത് വിഷയത്തിനാണോ സീറ്റ് കുറവ് എന്ന് പരിശോധിച്ചാണ് റീ അറേജ്മെന്‍റ് നടത്തുക. വിദ്യാർഥികൾക്ക് ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.
അടിയന്തര പ്രമേയം അവതരിപ്പിക്കാൻ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.