തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് ക്ഷാമം രൂക്ഷമായ പാലക്കാട് മുതൽ കാസർകോട് വരെയുള്ള മലബാർ ജില്ലകളിൽ അധിക താൽക്കാലിക ബാച്ചുകൾ അനുവദിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ ശിപാർശ. ശിപാർശ ബുധനാഴ്ച മന്ത്രിസഭ യോഗം പരിഗണിക്കും. സർക്കാർ സ്കൂളുകൾക്കു പുറമെ, താൽപര്യം പ്രകടിപ്പിച്ച എയ്ഡഡ് സ്കൂളുകളിലേക്കും അധിക ബാച്ചുകൾ ശിപാർശ ചെയ്തിട്ടുണ്ട്. 2023-24 അധ്യയന വർഷത്തേക്ക് മാത്രമായിരിക്കും താൽക്കാലിക ബാച്ചുകൾ. ഏറ്റവും കൂടുതൽ ബാച്ചുകൾക്ക് ശിപാർശ ചെയ്തത് മലപ്പുറം ജില്ലയിലേക്കാണ്. പാലക്കാട്, കോഴിക്കോട് ജില്ലകൾക്കാണ് തുടർന്നുള്ള പരിഗണന. കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലേക്കും ബാച്ച് ശിപാർശയുണ്ട്.
പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റും രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷകരുടെ എണ്ണവും ഉൾപ്പെടെ പരിഗണിച്ചാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ശിപാർശ സമർപ്പിച്ചത്. ശിപാർശ മന്ത്രിസഭ യോഗത്തിന്റെ പരിഗണനക്ക് വിടാൻ തീരുമാനിക്കുകയായിരുന്നു. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് കഴിഞ്ഞപ്പോൾ മലബാറിൽ കാൽ ലക്ഷത്തിലധികം വിദ്യാർഥികൾക്ക് സീറ്റില്ലായിരുന്നു. ഇതിൽ 13000ത്തിൽ അധികം പേർ മലപ്പുറം ജില്ലയിൽനിന്നായിരുന്നു.
രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷ പുതുക്കിയപ്പോൾ സമാന്തര പഠന മാർഗങ്ങളിലേക്ക് മാറിയ വിദ്യാർഥികൾ കൊഴിഞ്ഞുപോയിട്ടും മലബാറിൽനിന്ന് 20,224 പേർ അപേക്ഷകരായുണ്ട്. അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ 4440 പേർക്ക് മാത്രമേ സീറ്റ് നൽകാനായിട്ടുള്ളൂ. ഇപ്പോഴും മലബാറിൽ 15,784 പേർ സീറ്റിനായി കാത്തിരിക്കുന്നുണ്ട്. ഇതിൽ 8338 പേർ മലപ്പുറം ജില്ലയിൽനിന്നാണ്. 2021ൽ അലോട്ട്മെന്റ് പൂർത്തിയായിട്ടും ഒട്ടേറെ വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കാതിരുന്നതോടെ 75 താൽക്കാലിക ബാച്ചുകൾ അനുവദിക്കുകയും തെക്കൻ കേരളത്തിൽ മതിയായ കുട്ടികളില്ലെന്ന് കണ്ടെത്തിയ നാല് ബാച്ചുകൾ മലബാറിലേക്ക് മാറ്റുകയും ചെയ്തത് ഉൾപ്പെടെ സർക്കാർ സ്കൂളുകളിൽ 79 ബാച്ചുകൾ അനുവദിച്ചിരുന്നു.
ഇതിനു പുറമെ, 2022ൽ കണ്ണൂരിൽ രണ്ട് ബാച്ചുകളും അനുവദിച്ചതോടെ താൽക്കാലിക ബാച്ചുകൾ 81 ആയി. സീറ്റ് ക്ഷാമം മുൻനിർത്തി 81 ബാച്ചുകൾ ഈ വർഷവും തുടർന്നു. ഇതിൽ മലപ്പുറം 30, കോഴിക്കോട് 18, പാലക്കാട് 14, കണ്ണൂർ ഒമ്പത്, തൃശൂർ ആറ്, വയനാട് രണ്ട്, കാസർകോട് ഒന്ന്, കൊല്ലം ഒന്ന് എന്നിങ്ങനെയായിരുന്നു താൽക്കാലിക ബാച്ചുകൾ അനുവദിച്ചത്.
ഇതിനു പുറമെ, കുട്ടികളില്ലാത്ത 14 ബാച്ചുകൾ മലപ്പുറത്തേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നിട്ടും സീറ്റ് ക്ഷാമത്തിന് പരിഹാരം കാണാൻ കഴിയാതായതോടെയാണ് എയ്ഡഡ് സ്കൂളുകളിൽ ഉൾപ്പെടെ കൂടുതൽ പുതിയ താൽക്കാലിക ബാച്ചുകൾ അനുവദിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ശിപാർശ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.