കൊച്ചി: നവ കേരള സദസിൽ സമൂഹത്തിന്റെ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കണമെന്ന് മന്ത്രി പി രാജീവ്. എറണാകുളം മണ്ഡലതല സംഘാടകസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രിസഭ മുഴുവൻ ജനങ്ങളിലേക്ക് കടന്നുചെന്ന് പ്രവർത്തിക്കുന്നത്. നവ കേരള സദസ് പാർട്ടി പരിപാടിയല്ല. മറിച്ച് ജനാധിപത്യ പരിപാടിയാണ്. ജനാധിപത്യത്തിന്റെ എല്ലാ വിഭാഗം ജനങ്ങളെയും സദസിലേക്ക് ഉൾക്കൊള്ളിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പരിപാടി വിജയകരമാക്കാൻ എല്ലാവരും കൂട്ടായി പ്രവർത്തിക്കണം. മികച്ച രീതിയിൽ പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്യണം. മണ്ഡലത്തിലെ അവലോകന യോഗങ്ങളിൽ കുടുംബശ്രീ, വ്യാപാര വ്യവസായ ഏകോപന സമിതികൾ, ചേംബർ ഓഫ് കോമേഴ്സ്, മർച്ചന്റ്സ് യൂനിയൻ, റസിഡന്റ്സ് അസോസിയേഷനുകൾ, സ്കൂൾ പിടിഎകൾ, അധ്യാപക സംഘടനകൾ, വിദ്യാർഥി യൂനിയനുകൾ, ഹരിത കർമസേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, സമുദായിക സംഘടനകൾ, വിവിധ സമുദായിക കമ്മിറ്റികൾ, ലൈബ്രറി അസോസിയേഷൻ ഭാരവാഹികൾ, സാംസ്കാരിക സദസുകൾ, സഹകരണ സംഘങ്ങൾ, സഹകരണ ബാങ്ക് അംഗങ്ങൾ, അങ്കണവാടി പ്രവർത്തകർ, സംരംഭകർ തുടങ്ങി വിവിധ സംഘടനകളുടെ സാന്നിധ്യം ഉറപ്പാക്കണം.
സദസിൽ ജനങ്ങൾക്ക് പരാതികൾ നൽകാൻ പ്രത്യേക കൗണ്ടറുകൾ സജ്ജീകരിക്കും. എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ക്ഷണക്കത്ത് നവംബർ 26, 27, 28 തീയതികളിലായി പൊതുജനങ്ങളിലേക്ക് എത്തിക്കാൻ എല്ലാവരുടെയും കൂട്ടായ പങ്കാളിത്തം വേണമെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ എറണാകുളം മണ്ഡലതല പ്രചാരണ പോസ്റ്റർ മന്ത്രി പ്രകാശനം ചെയ്തു.
നവ കേരള സദസുമായി ബന്ധപ്പെട്ട് മണ്ഡലത്തിൽ ഇതുവരെ നടപ്പാക്കിയ പ്രചാരണ പരിപാടികൾ, വാഹന ക്രമീകരണം, ഭക്ഷണസൗകര്യം ഉറപ്പാക്കുന്നതിനുള്ള നടപടികൾ, വിവിധ ജനവിഭാഗങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള നടപടികൾ തുടങ്ങി സ്വീകരിച്ച വിവിധ നടപടികൾ യോഗത്തിൽ ചർച്ച ചെയ്തു.
ഡിസംബർ എട്ടിന് വൈകിട്ട് ആറിന് മറൈൻഡ്രൈവിലാണ് എറണാകുളം നിയോജകമണ്ഡലം നവകേരള സദസ് സംഘടിപ്പിക്കുന്നത്. എറണാകുളം ഇ.എം.എസ് ടൗൺ ഹാളിൽ സംഘടിപ്പിച്ച യോഗങ്കിൽ കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം അനിൽകുമാർ അധ്യക്ഷത വഹിച്ചു. കലക്ടർ എൻ.എസ്.കെ ഉമേഷ്, വികസന കമീഷണർ എം.എസ് മാധവിക്കുട്ടി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ പി.എം ഷെഫീഖ്, കൊച്ചി കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ആർ റെനീഷ്, കിൻഫ്ര പ്രമോഷൻ ഇൻഡസ്ട്രിയൽ പാർക്ക് ചെയർമാൻ സാബു ജോർജ്, ചേരാനല്ലൂർ പഞ്ചായത്ത് പ്രതിപക്ഷ മെമ്പർ ടി.ആർ ഭരതൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, സബ് കമ്മിറ്റി പ്രതിനിധികൾ, എഡ്റാക്ക് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.