തിരുവനന്തപുരം: കെ.ടി.യു വൈസ് ചാൻസലർ സിസ തോമസിന് നൽകിയ നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ സർക്കാറിന്റെ തുടർ നടപടി അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. കാരണം കാണിക്കൽ നോട്ടീസിന് ഒരാഴ്ചക്കകം മറുപടി നൽകണമെന്നും നിർദേശിച്ചു. നോട്ടീസ് നൽകിയ സംഭവവുമായി ബന്ധപ്പെട്ട് സർക്കാർ മറുപടി നൽകണമെന്നും നിർദേശിച്ചു. സിസ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് സി.കെ. അബ്ദുൽ റഹീം അടങ്ങിയ ബെഞ്ചിന്‍റെ ഉത്തരവ്.
സർക്കാർ നൽകിയ പേരുകൾ തള്ളി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സിസയെ നിയമിച്ചത് മുതൽ സർക്കാർ ഉടക്കിലായിരുന്നു. മുൻകൂർ അനുമതിയില്ലാതെ വൈസ് ചാൻസലർ സ്ഥാനമേറ്റടുത്തതിലാണ് സിസ തോമസിന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കാരണം കാണിക്കാൻ നോട്ടീസ് നൽകിയത്. സിസയെ നിയമിച്ച് അഞ്ച് മാസത്തിന് ശേഷമാണ് ചുമതലയേറ്റതിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
അടുത്തിടെ സിസയെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയന്‍റ് ഡയറക്ടർ പദവിയിൽനിന്ന് മാറ്റിയിരുന്നു. ഒടുവിൽ സിസയുടെ പരാതിയിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തിരുവനന്തപുരത്ത് നിയമിക്കാൻ ഉത്തരവിടുകയായിരുന്നു. തുടർന്ന് സിസയെ ബാർട്ടൺഹിൽ ഗവ. എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ പദവിയിൽ നിയമിച്ചു. കാരണം കാണിക്കൽ നോട്ടീസ് കേസ് വീണ്ടും ട്രൈബ്യൂണൽ മാർച്ച് 23ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.