കോഴിക്കോട്: എൽ.ജെ.ഡിയിൽ വിമതപ്രവര്‍ത്തനം നടത്തിയവര്‍ക്ക് വിശദീകരണം നൽകാൻ 48 മണിക്കൂർ സമയം നൽകി സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാര്‍. കാരണം കാണിക്കല്‍ നോട്ടീസ് കൈമാറുമെന്നും ഇതിന് തിങ്കളാഴ്ച മറുപടി നൽകണമെന്നും ശ്രേയാംസ് കുമാര്‍ കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംഘടനവിരുദ്ധപ്രവര്‍ത്തനം നടന്നു, അതിനെ പാര്‍ട്ടി അപലപിക്കുന്നു. വ്യക്തമായ മറുപടി നൽകി തെറ്റ് തിരുത്തിയാല്‍ പാര്‍ട്ടിയില്‍ തുടരാം. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് തെറ്റ് ചെയ്തവരാണ്. ജനാധിപത്യ സോഷ്യലിസ്റ്റ് പാർട്ടിെയന്ന നിലയിൽ പാർട്ടി ഭരണഘടന അനുശാസിക്കുംവിധം അവർക്ക് തിരിച്ചുവരാൻ അവസരം നൽകുകയാണ്. പാർട്ടിയിലെ പ്രശ്നങ്ങൾ പലതവണ ചർച്ച ചെയ്തു. പാർട്ടിയുടെ 11 ജില്ലാ അധ്യക്ഷന്‍മാരും നാലുപേരൊഴിച്ചുള്ള മുഴുവൻ ഭാരവാഹികളും ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്. സംസ്ഥാന കമ്മിറ്റി അംഗങ്ങളില്‍ ഭൂരിഭാഗവും പാര്‍ട്ടിക്കൊപ്പമുണ്ടെന്നും ശ്രേയാംസ്കുമാര്‍ പറഞ്ഞു.
നവംബർ 17ലെ സംസ്ഥാന നേതൃയോഗ തീരുമാനപ്രകാരം എം.വി. ശ്രേയാംസ്കുമാറിനോട് പ്രസിഡൻറ് സ്ഥാനം ഒഴിയാൻ ഷെയ്ക് പി. ഹാരിസ് വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇൗ ആവശ്യം സംസ്ഥാന കമ്മറ്റി നിരാകരിച്ചതായി ശ്രേയാംസ് വ്യക്തമാക്കി. ദേശീയ സെക്രട്ടറി വർഗീസ് ജോർജ്, കെ.പി. മോഹനൻ എം.എൽ.എ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
തിരുത്താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ശ്രേയാംസ് പറഞ്ഞത് വാസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും ഷെയ്ക് പി. ഹാരിസ് വിഭാഗം വ്യക്തമാക്കി. തീരുമാനമെടുക്കേണ്ടത് സംസ്ഥാന കൗണ്‍സിലും എക്സിക്യൂട്ടീവുമാണ്. വിശദീകരണം തേടാനുള്ള ഇന്നത്തെ സെക്രട്ടേറിയറ്റ് തീരുമാനം തള്ളുന്നുവെന്നും അവര്‍ പറഞ്ഞു.
ആഭ്യന്തര കലഹം മൂർച്ഛിച്ച എൽ.ജെ.ഡിയിലെ ശ്രേയാംസ് വിഭാഗമാണ് ഇന്ന് രാവിലെ കോഴിക്കോട് യോഗം ചേർന്നത്. ഷെയ്ക് പി. ഹാരിസ് വിഭാഗം ആലപ്പുഴയിൽ യോഗം ചേർന്നു. തങ്ങളാണ് ഔദ്യോഗിക പക്ഷമെന്ന അവകാശവാദവുമായി ഷെയ്ക് പി. ഹാരിസ് വിഭാഗം വെള്ളിയാഴ്ച എൽ.ഡി.എഫ് കൺവീനർക്ക് കത്ത് നൽകിയിരുന്നു. അണികൾ ഭൂരിപക്ഷവും ഒപ്പമുള്ളതിനാൽ എൽ.ജെ.ഡി ഒൗദ്യോഗിക പക്ഷമായി തങ്ങളെ അംഗീകരിക്കണമെന്നും ഷേക് പി. ഹാരിസ് വിഭാഗം എ. വിജയരാഘവനോട് ആവശ്യപ്പെട്ടു.
രാഷ്ട്രീയ സാഹചര്യം വിശദീകരിച്ച് സി.പി.എം, സി.പി.െഎ സംസ്ഥാന സെക്രട്ടറിമാരായ കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ എന്നിവരെയും ഇവർ കണ്ടിരുന്നു. വിട്ടുവീഴ്ച ചെയ്ത് യോജിച്ച് പോകാൻ ശ്രമിക്കണമെന്ന നിർദേശമാണ് കോടിയേരിയും വിജയരാഘവനും നൽകിയത്. ഭിന്നിച്ച് നിൽക്കുന്നത് മുന്നണിക്ക് പ്രശ്നം സൃഷ്ടിക്കുമെന്നും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.