കോഴിക്കോട്: ആർ.ജെ.ഡിയെ സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ സ്വകാര്യ സ്വത്താക്കുന്നതായി പാർട്ടിയിൽ വിമർശനം. പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന എം.പി. വീരേന്ദ്രകുമാർ അനുസ്മരണത്തോടെയാണ് പ്രവർത്തകരിൽ ഒരു വിഭാഗം പരസ്യ വിമർശനവുമായി രംഗത്തെത്തിയത്. ചൊവ്വാഴ്ച കോഴിക്കോട് ശ്രീനാരായണ സെന്റിനറി ഹാളിൽ നടന്ന അനുസ്മരണത്തിൽ സംസ്ഥാന ഭാരവാഹികൾക്കുപോലും സംസാരിക്കാനോ വേദിയിലിരിക്കാനോ അവസരം നൽകിയിരുന്നില്ല. ഇതാണ് കടുത്ത വിമർശനങ്ങൾക്കിടയാക്കിയത്. കൂടിയാലോചനകളില്ലാതെ ഏകപക്ഷീയമായി തീരുമാനങ്ങൾ അടിച്ചേൽപിക്കുന്നു എന്നതടക്കമുള്ള അക്ഷേപങ്ങൾ പ്രസിഡന്റിനെതിരെ നേരത്തെ തന്നെയുണ്ട്.
സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ ശ്രേയാംസ് കുമാർ സ്വാഗതം പറഞ്ഞ അനുസ്മരണത്തിൽ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരം പ്രഭാഷണം നടത്തുകയും സംസ്ഥാന ജനറൽ സെക്രട്ടറി വർഗീസ് ജോർജ് പരിഭാഷ നിർവഹിക്കുകയും സംസ്ഥാന സെക്രട്ടറി വി. കുഞ്ഞാലി നന്ദി പറഞ്ഞ് പരിപാടി അവസാനിപ്പിക്കുകയുമായിരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ സംസ്ഥാന ഭാരവാഹികളെ സംസാരിക്കാൻ ക്ഷണിക്കാത്തതും വേദിയിലിരുത്താത്തതുമാണ് അണികൾ ചോദ്യം ചെയ്യുന്നത്. വടകര മേഖലയിൽ നിന്നടക്കം പരിപാടിയിൽ പങ്കെടുക്കാനെത്തിയവരാണ് കടുത്ത വിമർശനവുമായി രംഗത്തുള്ളത്.
പാർട്ടി അംഗങ്ങളുടെ വാട്സ് ആപ് ഗ്രൂപ്പുകളിലും ഇതുസംബന്ധിച്ച വിമർശനങ്ങളും ചർച്ചകളും ഉയർന്നിട്ടുണ്ട്. ചരിത്രകാരൻ രാമചന്ദ്ര ഗുഹ പങ്കെടുത്ത വീരേന്ദ്രകുമാർ അനുസ്മരണം സ്വന്തമായി സംഘടിപ്പിച്ചിട്ടും ആർ.ജെ.ഡിയുടെ പരിപാടിയും പത്രത്തിന്റേതാക്കി മാറ്റിയെന്ന തരത്തിലാണ് വിമർശനം ഉയരുന്നത്. മാത്രമല്ല സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എം.പി, ജില്ല സെക്രട്ടറി പി. മോഹനൻ അടക്കമുള്ളവർ ആർ.ജെ.ഡിയുടെ പരിപാടിയിൽ പങ്കെടുത്തിട്ടും ഇവർക്ക് സ്വാഗതംപോലും ആശംസിച്ചിരുന്നില്ല. അതിനിടെ ഇവർ പരിപാടി അവസാനിക്കുംമുമ്പ് ഇറങ്ങിപ്പോയതും പ്രവർത്തകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. മാത്രമല്ല, ആർ.ജെ.ഡിയുടെ പരിപാടിയിൽ പാർട്ടിയെയോ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളെ സംബന്ധിച്ചോ വീരേന്ദ്ര കുമാറിനെ കുറിച്ചോ പറയുന്നതിനുപകരം പത്രത്തെക്കുറിച്ചാണ് പ്രസംഗമുണ്ടായത് എന്നും പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.