തിരുവനന്തപുരം: അന്തമാൻ സ്വദേശിയായ എൻജിനീയറിങ് വിദ്യാർഥി ശ്യാമൾ മണ്ഡലിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിക്ക് ഇരട്ട ജീവപര്യന്തവും പിഴയും. പ്രതി മുഹമ്മദ് അലി കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസം സി.ബി.ഐ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. 10,10,000 രൂപയാണ് പിഴ. 17 വർഷത്തിന് ശേഷമാണ് കേസിൽ വിധി പ്രഖ്യാപിച്ചത്.
ക്രിമിനൽ ഗുഢാലോചനയിലുള്ള കൊലപാതകം, തട്ടിക്കൊണ്ടുപോവുക, മോഷണം എന്നീ ഇന്ത്യൻ ശിക്ഷ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.
നേപ്പോൾ സ്വദേശി ദുർഗ ബഹദൂർ ഭട്ട് ചേത്രി എന്ന ഭീപക്, ശ്യമൾ മണ്ഡലിന്റെ കുടുംബ സുഹൃത്ത് മുഹമ്മദ് അലി എന്നിവരാണ് കേസിലെ പ്രതികൾ. ഒന്നാം പ്രതി ഒളിവിലാണ്. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി ജഡ്‌ജി കെ. സനിൽ കുമാറാണ് വിചാരണ പരിഗണിച്ചത്.
ശ്യാമളിന്റെ പിതാവ് വാസുദേവ് മണ്ഡലിനെ വിസ്തരിച്ചിരുന്നു. തന്റെ മകനെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ടതായി ഇദ്ദേഹം കോടതിയെ അറിയിച്ചു. 15 വർഷം മുമ്പ് നടന്ന കാര്യങ്ങൾ ഇന്നും പേടിസ്വപ്നം പോലെയാണ് തന്റെ കുടുംബം ഓർക്കുന്നതെന്ന് വാസുദേവ് മൊഴി നൽകി. പ്രതിയെ ഇദ്ദേഹം തിരിച്ചറിയുകയും ചെയ്‌തിരുന്നു.
2005 ഒക്ടോബർ 13നാണ് സംവം. തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ ബി.ടെക് പഠിക്കാനാണ് ശ്യാമൾ കേരളത്തിൽ എത്തുന്നത്. അച്ഛൻ വാസുദേവ് മണ്ഡൽ അന്തമാനിലെ സർക്കാർ സ്കൂൾ ജീവനക്കാരനും വ്യാവസായിയുമാണ്.
കിഴക്കെകോട്ടയിൽ വെച്ചാണ് ശ്യാമളിനെ കാണാതാവുന്നത്. അന്തമാനിലെ നവോദയ സ്കൂളിൽ തന്റെ ജൂനിയറായി പഠിച്ച അലോക് ബിസ്വാസ് എന്ന് പറഞ്ഞ് ഒരു ഫോൺ ശ്യാമളിന് വന്നിരുന്നു. തന്റെ സുഹൃത്തിനെ കാണാനാണ് സഹപാഠിയായ ദിഗംബരനുമൊത്ത് ശ്യാമൾ പോയത്. രണ്ടു ദിവസമായിട്ടും ശ്യാമളിനെ കാണാത്തത് കാരണം സഹപാഠി മെഡിക്കൽ കോളജ് പൊലീസിന് പരാതി നൽകി.
നാലു ദിവസം കഴിഞ്ഞ് പിതാവ് വാസുദേവ് മണ്ഡലിനെ ഫോണിൽ വിളിച്ച് മകനെ വിട്ടുകൊടുക്കണമെങ്കിൽ 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇത് കഴിയില്ലെന്ന് പറഞ്ഞപ്പോൾ 10 ലക്ഷം രൂപ എച്ച്.ഡി.എഫ്.സി ബാങ്കിൽ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, പിതാവ് പൊലീസിൽ വിവരമറിയിച്ചു. പിന്നീട് ഒക്ടോബർ 23ന് ശ്യാമൾ മണ്ഡലിന്റെ മൃതദേഹം കഴുത്തറുത്ത് ചാക്കിൽ കെട്ടി തിരുവല്ല ബൈപ്പാസിന് സമീപം വെള്ളാറിൽ പുഴുവരിച്ച് കണ്ടെത്തുകയായിരുന്നു.
മെഡിക്കൽ കോളജ് പൊലീസാണ് കേസ് അന്വേഷിച്ചത്. ശ്യാമളിന്റെ സുഹൃത്തുകളെ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് പിതാവിന്റെ പരാതിയെ തുടർന്ന് 2006-ൽ ക്രൈം ബ്രാഞ്ചിന് അന്വേഷണം നൽകി. അന്വേഷണം അട്ടിമറിക്കുന്നുവെന്ന് കാണിച്ച് ശ്യാമന്റെ പിതാവ് ഹൈകോടതിയെ സമീപിച്ചു. തുടർന്ന് 2008 ഡിസംബർ 10നാണ് സി.ബി.ഐ കേസ് ഏറ്റെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.