മലപ്പുറം: താനൂരിൽ താമിർ ജിഫ്രിയെന്ന യുവാവിനെ കസ്റ്റഡിയിൽ കൊലപ്പെടുത്തിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി കൂടെ കസ്റ്റഡിയിലായ മൻസൂറിന്റെ പിതാവ് അബൂബക്കർ. മൻസൂറിന്റെ കീശയിൽ ലഹരിമരുന്ന് വെച്ചത് ജില്ലാ പൊലീസ് മേധാവിയുടെ മയക്കുമരുന്ന് വിരുദ്ധ സേനയായ ഡാൻസാഫ് (ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ്) ആണെന്ന് അദ്ദേഹം ആരോപിച്ചു.
താമിറിനെ വധിച്ച സംഭവത്തിലോ കസ്റ്റഡി മർദനത്തിലോ താനൂർ എസ്.ഐ കൃഷ്ണലാലിന് പങ്കില്ലെന്ന് മൻസൂർ പറഞ്ഞതായും അബൂബക്കർ വെളിപ്പെടുത്തി. എന്നാൽ, സംഭവത്തിൽ ഉത്തരവാദിയെന്ന് ചൂണ്ടിക്കാട്ടി കൃഷ്ണലാലിനെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
ഇരുപതോളം പൊലീസുകാർ ചേർന്ന് തന്നെ മർദിച്ചുവെന്നും താമിറിനെ മർദിക്കുന്നത് കണ്ടെന്ന മൊഴിമാറ്റാൻ പൊലീസ് സമ്മർദം ചെലുത്തിയെന്നും കോഴിക്കോട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന മൻസൂർ പറഞ്ഞതായി അബൂബക്കർ ആരോപിച്ചു. മൻസൂറിന്റെ കഴുത്തിലും തലക്ക് പിൻഭാഗത്തും ശരീരത്തിലും മുറിവുകളുണ്ടായിരുന്നു.
‘മൻസൂറിന്റെ പോക്കറ്റിൽ ഡാൻസാഫ് ആണ് ലഹരി തിരുകിവെച്ചത്. എന്നിട്ട് എസ്‌ഐ വരുമ്പോൾ ഒരക്ഷരം മിണ്ടരുതെന്ന് ഭീഷണിപ്പെടുത്തി. എസ്.ഐ നിരപരാധിയാണെന്നാണ് മൻസൂറും പറയുന്നത്. ലഹരി വെച്ച പൊലീസുകാരുടെ പേരറിയില്ല. ഇരുപതോളം പൊലീസുകാർ ചേർന്നാണ് മൻസൂറിനെ മർദിച്ചത്’ -അബൂബക്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.