കുന്നംകുളം: ബൈക്ക് നിർത്താതെ പോയ സംഭവത്തിൽ പ്രശ്ന പരിഹാരത്തിനായി പൊലീസ് സ്റ്റേഷനിലെത്തിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ എസ്.ഐ മുഖത്തടിച്ചു. സി.പി.എം നേതാക്കളുടെ ഇടപെടലിനെ തുടർന്ന് അസി. പൊലീസ് കമീഷണറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ മാപ്പ് പറഞ്ഞ് ഒത്തുതീർന്നു. പോർക്കുളം പഞ്ചായത്തിലെ വെട്ടിക്കടവ് സി.പി.എം ബ്രാഞ്ച് സെക്രട്ടറി കുറുമ്പൂർ ഷാജുവിനാണ് (47) മർദനമേറ്റത്.
ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറി ബൈക്കിൽ സഞ്ചരിക്കുമ്പോൾ കിഴൂരിൽ വെച്ച് പൊലീസ് കൈ കാണിച്ചിട്ടും നിർത്താതെ പോയതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് വാഹന നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഉടമയെ കണ്ടത്തുകയായിരുന്നു. ബൈക്ക് സ്റ്റേഷനിൽ ഹാജരാക്കണമെന്ന് നിർദേശിച്ചതോടെ ബൈക്ക് ഓടിച്ച യുവാവുമൊത്ത് സ്റ്റേഷനിൽ എത്തിയതായിരുന്നു ബ്രാഞ്ച് സെക്രട്ടറി.
യുവാവിൽനിന്ന് ലൈസൻസ് വാങ്ങിയ ശേഷം ബൈക്ക് സ്റ്റേഷനിൽ നിർത്തി പോകാനും മൂന്നുമാസം കഴിഞ്ഞ് വന്നാൽ മതിയെന്നുമാണ് എസ്.ഐ പറഞ്ഞത്. ഇത് കേട്ട ബ്രാഞ്ച് സെക്രട്ടറി പിഴ അടച്ച് വാഹനം വിട്ടുതരണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ ബ്രാഞ്ച് സെക്രട്ടറിയാണെന്ന് സ്വയം പരിചയപ്പെടുത്തിയതോടെ പ്രകോപിതനായ എസ്.ഐ ഷാജുവിന്റെ മുഖത്തടിക്കുകയായിരുന്നു. പിന്നീട് മണിക്കൂറുകളോളം സ്റ്റേഷനിൽ നിർത്തുകയും ചെയ്തു.
വൈകീട്ടോടെ സി.പി.എം നേതാക്കളും അസി പൊലീസ് കമീഷണറും തമ്മിൽ ചർച്ച നടത്തി എസ്.ഐയെക്കൊണ്ട് മാപ്പ് പറയിപ്പിക്കുകയായിരുന്നു. എസ്.ഐയെ സ്ഥലം മാറ്റാമെന്ന ഉറപ്പിലാണ് പ്രശ്നം പരിഹരിച്ചതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.