കൊച്ചി: നെടുമ്പാശ്ശേരി കരിയാട് ബേക്കറി ഉടമയെയും ഭാര്യയെയും മർദിച്ച എസ്.ഐക്ക് സസ്പെൻഷൻ. എസ്.ഐ സുനിൽ കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. എസ്.ഐ സുനിൽ കുമാർ മദ്യപിച്ചിരുന്നതായി വൈദ്യ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു.
ഇന്നലെ രാത്രി ഒമ്പതോടെയാണ് കരിയാട്ടെ ബേക്കറിയിൽ എസ്.ഐ അതിക്രമം കാണിച്ചത്. നെടുമ്പാശേരി പൊലീസ് സ്റ്റേഷനു കീഴിലുള്ള കൺട്രോൾ റൂം വാഹനത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്.ഐയാണ് ബേക്കറിയിൽ കയറി ഉടമയായ കോഴിപ്പാട് വീട്ടിൽ കുഞ്ഞുമോനെ അകാരണമായി മർദിച്ചത്. കരിയാട്ടിൽ കത്തിക്കുത്ത് നടന്നു എന്ന് പറഞ്ഞാണ് എസ്.ഐ ബേക്കറിയിൽ എത്തിയത്.
ബേക്കറിയിലേക്ക് കയറി വന്ന എസ്.ഐ കുഞ്ഞുമോൻ, ഭാര്യ ആൽബി, മകൾ മെറിൻ എന്നിവരടക്കം അഞ്ചുപേരെ ചൂരൽവടി കൊണ്ട് മർദിക്കുകയായിരുന്നു. തുടർന്ന് പ്രദേശവാസികൾ ഓടിക്കൂടുകയും എസ്.ഐയെ തടഞ്ഞുവക്കുകയും ചെയ്തു.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അങ്കമാലി പൊലീസ് എസ്.ഐയെ അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തി. വൈദ്യ പരിശോധനയിൽ എസ്.ഐ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. ആക്രമണം ചൂണ്ടിക്കാട്ടി കുഞ്ഞുമോൻ നൽകിയ പരാതിയിലാണ് എസ്.ഐയെ സസ്പെൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.