കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി ജെ.എസ്. സിദ്ധാർഥൻ ഒരു രാത്രി മുഴുവൻ സഹപാഠികളുടെ ക്രൂര മർദനത്തിനിരയായെന്ന് കുറ്റപത്രം. വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്നാരോപിച്ച് കുറ്റവിചാരണ നടത്തി വിവസ്ത്രനാക്കി മർദിച്ചു. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച പ്രാഥമിക കുറ്റപത്രം നിർദേശത്തെ തുടർന്ന് കഴിഞ്ഞ ദിവസം സി.ബി.ഐ ഹൈകോടതിയിൽ സമർപ്പിച്ചിരുന്നു.
അവധിയായിരുന്നതിനാൽ ഫെബ്രുവരി 15ന് ട്രെയിനിൽ വീട്ടിലേക്ക് പുറപ്പെട്ട് എറണാകുളത്തെത്തിയ സിദ്ധാർഥനെ തിരികെ വിളിച്ചുവരുത്തിയായിരുന്നു കുറ്റവിചാരണയും മർദനവും. പ്രശ്നങ്ങൾ ഒത്തുതീർക്കാൻ മടങ്ങിയെത്തണമെന്ന് പ്രതികളായ റെഹാൻ ബിനോയും സൗദ് റിസാലും മുഹമ്മദ് ധനീഷും ആവശ്യപ്പെട്ടതിനെ തുടർന്ന് 16ന് മടങ്ങിയെത്തി. അന്ന് രാത്രി ഒമ്പത് മുതൽ 12വരെ പ്രതികളായ എ. അൽത്താഫ്, ഇ.കെ. സൗദ് റിസാൽ, വി. ആദിത്യൻ, എം. മുഹമ്മദ് ധനീഷ് എന്നിവർ മെൻസ് ഹോസ്റ്റലിനുസമീപത്തെ കുന്നിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് വിചാരണ നടത്തിയത്. എന്തോ ശബ്ദം കേട്ടെന്നുപറഞ്ഞ് അവിടെയെത്തിയ രണ്ടാം പ്രതി സീനിയർ വിദ്യാർഥി ആർ.എസ്. കാശിനാഥനെ ചില പ്രശ്നങ്ങളുണ്ടെന്ന് മുഹമ്മദ് ധനീഷ് ധരിപ്പിച്ച് മടക്കി അയക്കുകയും ചെയ്തു. എന്നാൽ, വീണ്ടുമെത്തിയ കാശിനാഥൻ സിദ്ധാർഥനെ മർദിക്കുകയും ഹോസ്റ്റലിലേക്ക് കൊണ്ടുവരാൻ നിർദേശിക്കുകയും ചെയ്തു. ഏഴാം പ്രതി അമൽ ഇഹ്സാന്റെ മുറിയിൽ 17ന് പുലർച്ച ഒന്നുവരെ സിദ്ധാർഥനെ ക്രൂര മർദനത്തിനിരയാക്കി. ഇടിക്കുകയും തൊഴിക്കുകയും ബെൽറ്റ്, കേബിൾ വയർ എന്നിവ കൊണ്ട് ശരീരമാകെ അടിക്കുകയും ചെയ്തു. 18ന് ഉച്ചക്ക് 12.30ഓടെ കുളിമുറിയിലേക്ക് പോയ സിദ്ധാർഥനെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇന്ത്യൻ ശിക്ഷാനിയമം 120ബി (കുറ്റകരമായ ഗൂഢാലോചന, 341 (ബലമായി തടഞ്ഞുവെക്കൽ), 323 (മുറിവേൽപിക്കൽ), 324 (മൂർച്ചയേറിയ ആയുധംകൊണ്ട് മുറിവേൽപിക്കൽ), 342 (അന്യായമായി തടഞ്ഞുവെക്കൽ), 355 (ആക്രമണം), 306 (ആത്മഹത്യ പ്രേരണ), 506 (ഭയപ്പെടുത്തൽ) എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കെ. അഖിൽ, ആർ.എസ്. കാശിനാഥൻ, യു. അമീൻ അക്ബറലി, കെ. അരുൺ, സിഞ്ചോ ജോൺസൺ, എൻ. ആസിഫ്ഖാൻ, എ. അമൽ ഇഹ്സാൻ, ജെ. അജയ്, എ. അൽത്താഫ്, ഇ.കെ. സൗദ് റിസാൽ, വി. ആദിത്യൻ, മുഹമ്മദ് ധനീഷ്, റെഹാൻ ബിനോയ്, എസ്.ഡി. ആകാശ്, എസ്. അഭിഷേക്, ആർ.ഡി. ശ്രീഹരി, ഡോൺസ് ഡായ്, ബിൽഗേറ്റ് ജോഷ്വ തണ്ണിക്കോട്, വി. നസീഫ് എന്നിവരാണ് ഒന്നു മുതൽ 19 വരെ പ്രതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.