മുഖ്യമന്ത്രി പറഞ്ഞ് പറ്റിച്ചു, അന്വേഷണം അട്ടിമറിച്ചു; ആര്‍ഷോയെ പ്രതി ചേര്‍ക്കണമെന്ന് സിദ്ധാർഥിന്‍റെ അച്ഛൻ

തിരുവനന്തപുരം: ആഭ്യന്തര മന്ത്രി എന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു പറ്റിച്ചെന്ന് സിദ്ധാര്‍ഥന്‍റെ അച്ഛന്‍. പ്രതിയായ അക്ഷയ് എം.എം. മണിയുടെ ചിറകിനടിയിലാണെന്നും അച്ഛൻ പറഞ്ഞു.

അക്ഷയിയെ എന്തിന് സംരക്ഷിക്കുന്നുവെന്ന് ചോദിച്ച സിദ്ധാര്‍ഥന്‍റെ അച്ഛന്‍, എല്ലാ വിഷയത്തിലും മുഖ്യമന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. മകന് നീതി ലഭിക്കുന്നതിനായി ഏതറ്റംവരേയും പോകാന്‍ തയാറാണ്. ക്ലിഫ് ഹൗസിന് മുന്നില്‍ സമരം നടത്തും.

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയെ പ്രതി ചേര്‍ത്ത് കേസെടുക്കണം. മര്‍ദനം ചിത്രീകരിച്ച പെണ്‍കുട്ടികളെ എന്തു കൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്നും സിദ്ധാര്‍ഥന്‍റെ അച്ഛന്‍ ചോദിച്ചു.

അതേസമയം, സിദ്ധാർഥനെ ക്രൂര റാഗിങ്ങിന് ഇരയാക്കിയ സംഭവത്തിൽ സസ്പെൻഷനിലായ വിദ്യാർഥികളെ കുറ്റമുക്തരാക്കാൻ ഒത്താശ ചെയ്ത പൂക്കോട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലറുടെ പ്രൈവറ്റ് സെക്രട്ടറിയെ തൽസ്ഥാനത്ത് നിന്ന് നീക്കി. പ്രൈവറ്റ് സെക്രട്ടറി കെ. ഷീബയെയും മറ്റ് നാലു പേരെയുമാണ് വി.സി ഡോ. കെ.എസ്. അനിൽ നീക്കിയത്. ഗുരുതരമായ കൃത്യവിലോപവും സ്വജനപക്ഷപാതവും നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

സിദ്ധാർഥനെ മർദിച്ച സംഭവത്തിൽ പങ്കില്ലെന്ന് ചൂണ്ടിക്കാട്ടി 31 ഒന്നാം വർഷ വിദ്യാർഥികൾക്ക് കോളജ് ആന്‍റി റാഗിങ് കമ്മിറ്റി നൽകിയ സസ്പെൻഷനെതിരെ മുൻ വി.സിക്ക് അപ്പീൽ നൽകിയിരുന്നു. ഇവരുടെ സസ്പെൻഷൻ റദ്ദാക്കാൻ വി.സി നൽകിയ കുറിപ്പിന്‍റെ മറവിൽ സീനിയർ വിദ്യാർഥികളായ ഷീബയുടെ മകനെയും മകന്‍റെ സുഹൃത്തിനെയും ഉൾപ്പെടുത്തി ഡീന് നിർദേശം നൽകുകയാണ് ചെയ്തത്.

ഇത് വിവാദമായതോടെ രണ്ട് സീനിയർ വിദ്യാർഥികളെ വീണ്ടും സസ്പെൻഡ് ചെയ്യുകയാണ് ചെയ്തത്. ഇതിന് ശേഷമാണ് വിദ്യാർഥികളെ കുറ്റമുക്തരാക്കാൻ ഒത്താശ ചെയ്ത ഷീബയെയും മറ്റ് ഉദ്യോഗസ്ഥരെയും ചുമതലയിൽ നീക്കി ഉത്തരവിറക്കിയത്.

Tags:    
News Summary - Siddharth father said that The investigation was sabotaged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.