കൊച്ചി: കേരള വെറ്ററിനറി സർവകലാശാല വൈസ് ചാൻസലറായിരുന്ന ഡോ. എം.ആർ. ശശീന്ദ്രനാഥിനെ സസ്പെൻഡ് ചെയ്തതിനെതിരായ ഹരജിയിൽ കക്ഷിചേരാൻ കൊല്ലപ്പെട്ട വിദ്യാർഥി സിദ്ധാർഥിന്റെ പിതാവിന്റെ ഉപഹരജി. സസ്പെൻഡ് ചെയ്യാൻ ചാൻസലർക്ക് അധികാരമില്ലെന്നും റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ശശീന്ദ്രനാഥ് നൽകിയ ഹരജിയിലാണ് ടി. ജയപ്രകാശിന്റെ ഉപഹരജി. ഹരജികൾ ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ വ്യാഴാഴ്ച പരിഗണിക്കും.സർവകലാശാലയിലെ വിദ്യാർഥികൾ റാഗിങ്ങിന് ഇരയാകുന്നില്ലെന്ന് ഉറപ്പാക്കാൻ വൈസ് ചാൻസലർ എന്ന നിലയിൽ ഹരജിക്കാരന് ബാധ്യതയുണ്ടായിരുന്നെന്ന് ഉപഹരജിയിൽ പറയുന്നു. എന്നാൽ, ഇത്തരമൊരു നടപടിയും വി.സിയുടെ ഭാഗത്തുനിന്നുണ്ടായില്ല. കോളജിൽ നടന്ന സംഭവങ്ങൾ അദ്ദേഹത്തെ അറിയിച്ചിരുന്നില്ലെന്ന് കരുതാനാവില്ല. വിഷയത്തെ വി.സിയടക്കമുള്ളവർ ലാഘവത്തോടെ കാണുകയായിരുന്നു. വി.സി ഉത്തരവാദിത്തം നിർവഹിച്ചിട്ടില്ല. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവുകൾ പാലിച്ചില്ല. സംഭവവുമായി ബന്ധപ്പെട്ടവരെ സംരക്ഷിക്കുക എന്ന രാഷ്ട്രീയ താൽപര്യത്തോടെ സർക്കാർ നിർദേശത്തോടെയാണ് ഹരജി നൽകിയിരിക്കുന്നതെന്നും ജയപ്രകാശ് ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.