സിദ്ധാർഥന്റെ മരണം: പുറത്താക്കിയ വിദ്യാർഥികളെ തിരിച്ചെടുത്ത വി.സിയുടെ നടപടി റദ്ദാക്കാൻ ഗവർണറുടെ നിർദേശം

കൽപറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കോളജ് പുറത്താക്കിയ 33 വിദ്യാർഥികളെ തിരിച്ചെടുത്ത വൈസ് ചാൻസലർ ഡോ. പി.സി ശശീന്ദ്രന്റെ നടപടി റദ്ദാക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദേശം. സസ്​പെൻഷൻ പിൻവലിച്ചതിൽ റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്.

സിദ്ധാർഥനെ ആൾക്കൂട്ട വിചാരണ നടത്തിയതിനും ക്രൂരമായി മർദിച്ചതിനും കോളജ് അധികൃതർ എടുത്ത നടപടിയാണ് പുതുതായി ചുമതലയേറ്റ വി.സി റദ്ദാക്കിയിരുന്നത്. നിയമോപദേശം തേടാതെയാണ് വി.സിയുടെ നടപടിയെന്നും സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരിലൊരാളുടെ സ്വന്തക്കാരെ സംരക്ഷിക്കാനാണ് ധൃതിപിടിച്ചുള്ള തീരുമാനമെന്നും ആരോപണം ഉയർന്നിരുന്നു.

വി.സിക്കെതിരെ ഗവർണർക്ക് പരാതി നൽകുമെന്ന് സിദ്ധാർഥന്‍റെ പിതാവ് ടി. ജയപ്രകാശ് അറിയിക്കുകയും ചെയ്തിരുന്നു. സസ്പെൻഡ് ചെയ്ത വിദ്യാർഥികളെ തിരിച്ചെടുത്തത് വൈസ് ചാൻസലറു​ടെ ഇഷ്ടപ്രകാരമാണെന്നും അദ്ദേഹത്തിന് എന്തോ വലിയ വാഗ്ദാനം ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

ഫെബ്രുവരി 18നാണ് ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ സിദ്ധാര്‍ഥന്‍റെ മൃതദേഹം കണ്ടെത്തിയത്. സിദ്ധാർഥനെതിരെ നടന്നത് പരസ്യവിചാരണയാണെന്നും 18 പേർ പലയിടങ്ങളിൽ വെച്ച് മർദിച്ചെന്നുമുള്ള ആന്‍റി റാഗിങ് സ്‌ക്വാഡ് റിപ്പോർട്ട് പുറത്തുവന്നിരുന്നു.

Tags:    
News Summary - Siddharth's death: The governor's order to cancel the action of the VC who reinstated the expelled students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.