കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥിയായിരുന്ന സിദ്ധാർഥന്‍റെ മരണം സംബന്ധിച്ച അന്വേഷണം അടിയന്തരമായി സി.ബി.ഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പിതാവിന്‍റെ ഹരജി. സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ എത്രയും വേഗം സി.ബി.ഐയോട് അന്വേഷണത്തിന് ഉത്തരവിടാൻ കേന്ദ്രസർക്കാറിന് നിർദേശം നൽകണമെന്നതടക്കം ആവശ്യപ്പെട്ടാണ് പിതാവ് ടി. ജയപ്രകാശ് ഹരജി നൽകിയത്. മകന്‍റെ മരണത്തിന് കാരണക്കാരായവർക്കെല്ലാം മതിയായ ശിക്ഷ ഉറപ്പുവരത്തക്കവിധം അന്വേഷണം നടത്താൻ സി.ബി.ഐക്ക് നിർദേശം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.
ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി മകന്‍റെ മൃതദേഹം കെട്ടിത്തൂക്കുകയായിരുന്നെന്ന് ഹരജിയിൽ പറയുന്നു. ആത്മഹത്യയെന്നാണ് ആദ്യം ധരിച്ചത്. കുട്ടികളുടെ മർദനമേറ്റാണ് മരിച്ചതെന്ന് മൂന്ന് സഹപാഠികളാണ് രഹസ്യമായി അറിയിച്ചത്. മൂന്നുദിവസത്തോളം ഭക്ഷണവും വെള്ളവും പോലും നിഷേധിച്ച് നടത്തിയ മനുഷ്യത്വരഹിതമായ മർദനമാണ് മരണത്തിനിടയാക്കിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടുണ്ട്. കൊലപാതകത്തിനടക്കം കേസെടുത്തിട്ടുണ്ട്. എന്നാൽ, റാഗിങ് നിരോധന നിയമപ്രകാരം അറസ്റ്റിലായ കുട്ടികളെ രക്ഷപ്പെടുത്താനായി ഭരിക്കുന്ന പാർട്ടിയുടെ പ്രാദേശിക നേതാക്കൾ പരസ്യമായി കൂട്ടുനിൽക്കുകയാണ്. അതിനാൽ, നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ല.
ഫെബ്രുവരി 18നാണ് സംഭവത്തിൽ വൈത്തിരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം സി.ബി.ഐക്ക് വിട്ട് മാർച്ച് ഒമ്പതിന് അഡീ. ചീഫ് സെക്രട്ടറി ഉത്തരവിറക്കിയെങ്കിലും രേഖകൾ കൈമാറാതെ താമസിപ്പിച്ചത് ബോധപൂർവമാണ്. മുഖ്യമന്ത്രിയുടെ ഉറപ്പ് വിശ്വസിച്ചിരുന്ന കുടുംബത്തോട് സത്യസന്ധമല്ലാത്ത സമീപനമാണ് സർക്കാർ പുലർത്തിയത്. കേന്ദ്ര ഏജന്‍സി അന്വേഷണം വൈകിപ്പിക്കാനോ കഴിയുമെങ്കിൽ തടയാനോ ഉള്ള ബോധപൂർവമായ ശ്രമമാണ് സർക്കാറിൽനിന്നുണ്ടായത്. വിവാദമായതോടെ രേഖകളുടെ തർജമ പൂർത്തിയാക്കി ഇവ കേന്ദ്രത്തിന് അയച്ചതായാണ് അറിയുന്നത്. അതിനാൽ, എത്രയും വേഗം അന്വേഷണം ഏറ്റെടുക്കാൻ നിർദേശിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.