സിദ്ധാർഥിന്റെ കൊലപാതകം: മുഖ്യമന്ത്രിയുടെ മൗനം ജനങ്ങളെ ഭയപ്പെടുത്തുന്നുവെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സർവകലാശാലയിൽ എസ്.എഫ്.ഐക്കാർ ക്രൂരമായി കൊലചെയ്ത സിദ്ധാർഥന്റെ കാര്യത്തിൽ മുഖ്യമന്ത്രി പുലർത്തുന്ന മൗനം ജനങ്ങളെ ഭയപ്പെടുത്തുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള അരാജകത്വത്തിലേക്കാണ് പോകുന്നതെന്നും തിരുവനന്തപുരം പ്രസ്ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിദ്ധാർഥന്റെ കുടുംബത്തിനോട് ഒരു നല്ല വാക്കെങ്കിലും മുഖ്യമന്ത്രി പറഞ്ഞോ? മനസാക്ഷിയില്ലാത്ത നീചനായ വ്യക്തിയായി പിണറായി വിജയൻ അധപതിച്ചു. കൊലപാതകത്തിന് പിന്നിൽ സിപിഎമ്മുകാരായതു കൊണ്ടാണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നത്. സീറ്റ് തർക്കത്തിന്റെ പേരിൽ ജുനൈദ് എന്ന യുവാവ് കൊല്ലപ്പെട്ടപ്പോൾ ഹരിയാനയിൽ പോയി 10 ലക്ഷം രൂപ കൊടുത്തയാളാണ് കേരള മുഖ്യമന്ത്രി.

ലോകസമാധാനത്തിന് വേണ്ടി അദ്ദേഹം ബജറ്റിൽ 10 ലക്ഷം മാറ്റിവെച്ചത് പിണറായി വിജയനാണ്. അങ്ങനെയൊരു മുഖ്യമന്ത്രിയാണ് ഇത്രയും ദാരുണമായ സംഭവം നടന്നിട്ടും പ്രതികരിക്കാതിരിക്കുന്നത്. എസ്.എഫ്.ഐ ഇത്രയും മനുഷ്യത്വരഹിതമായ പ്രവർത്തനം നടത്തിയിട്ടും സർക്കാർ ഒരു നടപടിയുമെടുക്കുന്നില്ല. ഇന്ത്യയിൽ ഒരു ക്യാമ്പസിലും ഇത്തരമൊരു സംഭവം നടന്നിട്ടില്ല. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാത്തത് കൊണ്ടാണ് കൊയിലാണ്ടിയിലെ കോളേജിലും എസ്.എഫ്.ഐ അക്രമം ആവർത്തിച്ചത്. സിദ്ധാർഥിന്റെ കൊലപാതകം തേച്ച് മാച്ച് കളയാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

ഡീനിന് എല്ലാം അറിയാമായിരുന്നു. യാദൃശ്ചികമല്ല മറിച്ച് ആസൂത്രിതമായി നടത്തിയതാണ് ഈ കൊലപാതകം. സംസ്ഥാന പൊലീസ് സർവീസിലുള്ള വനിതയുടെ മകളാണ് സിദ്ധാർത്ഥിനെതിരെ പരാതി നൽകിയത്. കേസ് വഴിതിരിച്ചുവിടാനും പ്രതികളെ രക്ഷിക്കാനുമുള്ള ആഭ്യന്തരവകുപ്പിന്റെ ഇടപെടലാണിത്. ക്രൈംത്രില്ലർ സിനിമകളിലൊക്കെ കാണുന്നത് പോലെയാണ് വയനാട്ടിൽ നടന്നത്. കോളേജ് അധികൃതരാണ് എല്ലാത്തിനും കൂട്ട് നിന്നതെന്നും ബി.ജെ.പി അധ്യക്ഷൻ പറഞ്ഞു.

പൊലീസ് കൊലക്കുറ്റം ചാർജ് ചെയ്യാത്തത് എന്തുകൊണ്ടാണ്. ദുർബലമായ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. സി.പി.എം കൽപ്പറ്റ എം.എൽ.എയെയാണ് സി.പി.എം തെളിവ് നശിപ്പിക്കാൻ നിയോഗിച്ചത്. സംസ്ഥാന പൊലീസിന് കേസ് അന്വേഷിക്കാനാവുന്നില്ലെങ്കിൽ കേന്ദ്ര ഏജൻസികൾക്ക് അത് കൈമാറണം. കേരള പൊലീസിന്റെ കൈകൾ ബന്ധിക്കപ്പെട്ടിരിക്കുകയാണ്. കേരള സർവകലാശാലയിൽ 35 ശതമാനം സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. കേരളത്തിലെ കുട്ടികൾ ഭീതിയിലാണ്. യുവാക്കളെ നാടുകടത്തുന്ന ജോലിയാണ് എസ്.എഫ്.ഐ ചെയ്യുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാനത്ത് ശമ്പളം മുടങ്ങുന്നതിന് കാരണം കേന്ദ്രസർക്കാരാണെന്ന് പറയുന്ന ധനമന്ത്രി ബാലഗോപാലിന് തലക്ക് വെളിവില്ലാതായി. സംസ്ഥാനം സുപ്രീം കോടതിയിൽ പോയിട്ട് എന്തായെന്ന് അദ്ദേഹം ജനങ്ങളോട് പറയണം. ശമ്പളം കൊടുക്കാനായില്ലെങ്കിൽ രാജി വച്ച് പോകണം. എല്ലാം കേന്ദ്രം കൊടുക്കാനാണെങ്കിൽ എന്തിനാണ് ഒരു സംസ്ഥാന സർക്കാർ. ലോക്സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ലീഗ് മറുകണ്ടം ചാടും എന്ന് ഉറപ്പാണ്. ഇ.ടി മുഹമ്മദ് ബഷീർ തനിക്കെതിരെ മത്സരിക്കില്ലെന്ന് പറഞ്ഞ ആളാണ് എൽ.ഡി.എഫിന്റെ സ്ഥാനാർഥി. അതാണ് എൽ.ഡി.എഫും ലീഗും തമ്മിലുള്ള ധാരണ. ലീഗ് എത്തേണ്ടിടത്ത് എത്തട്ടെ എന്ന് പ്രാർഥിക്കുന്നുവെന്നും സുരേന്ദ്രൻ പറ‍ഞ്ഞു.

Tags:    
News Summary - Siddharth's murder: K Surendran says CM's silence scares people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-22 01:43 GMT