കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ വിദ്യാർഥികളുടെ ജാമ്യഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. ഇതിനെ എതിർത്ത് കക്ഷിചേർന്ന സിദ്ധാർഥന്‍റെ മാതാവ് എം.ആർ. ഷീബ നൽകിയ ഹരജിയും ജസ്റ്റിസ് സി.എസ്. ഡയസിന്‍റെ പരിഗണനയിലുണ്ട്.
പ്രതികളായ കെ. അഖിൽ, ആർ.എസ്. കാശിനാഥൻ, യു. അമീൻ അക്ബറലി, കെ. അരുൺ, സിഞ്ചോ ജോൺസൺ, എൻ. ആസിഫ് ഖാൻ, എ. അമൽ ഇഹ്‌സാൻ, ജെ. അജയ്, എ. അൽത്താഫ്, ഇ.കെ. സൗദ് റിസാൽ, വി. ആദിത്യൻ, മുഹമ്മദ് ധനീഷ്, റെഹാൻ ബിനോയ്, എസ്.ഡി. ആകാശ്, എസ്. അഭിഷേക്, ആർ.ഡി. ശ്രീഹരി, ഡോൺസ് ഡായ്, ബിൽഗേറ്റ് ജോഷ്വ തണ്ണിക്കോട്, വി. നസീഫ് എന്നിവരുടെ ജാമ്യ ഹരജികളാണ് പരിഗണനയിലുള്ളത്. റാഗിങ്, ആത്മഹത്യപ്രേരണ, മർദനം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.
കേസിൽ അന്തിമ റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ കസ്റ്റഡി തുടർന്ന് ആവശ്യമില്ലെന്നും അധ്യാപകർ ഉൾപ്പെടെയുള്ളവരാണ് സാക്ഷികളെന്നും അവരെ സ്വാധീനിക്കാൻ സാധ്യതയില്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. ജാമ്യം അനുവദിച്ചാൽ ഒളിവിൽ പോകാൻ സാധ്യതയുള്ളവരല്ലെന്നും ആത്മഹത്യക്കുറ്റം നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. കൽപറ്റ സെഷൻസ് കോടതി ജാമ്യഹരജി തള്ളിയതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. ഫെബ്രുവരി 18നാണ് സിദ്ധാർഥനെ സർവകലാശാല ഹോസ്‌റ്റലിലെ ശൗചാലയത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.