കോഴിക്കോട്: എഴുത്തിെൻറ അവിഭാജ്യഘടകമായി വരയും മാറിയ കാലത്ത് ചിത്രകാരൻമാർക്ക് സാധ്യതകൾ കൂടിയെന്ന് ചർച്ച. മാധ്യമം ആഴ്ചപ്പതിപ്പിെൻറ രജതജൂബിലി ആഘോഷവേദിയിലെ 'മീറ്റ് ദ ആർടിസ്റ്റ്' ചർച്ചയിലാണ് ചിത്രകാരൻമാർ മനം തുറന്നത്. ആർട് ഗാലറിയേക്കാൾ കൂടുതൽ സാധ്യതകൾ ചിത്രകലക്കും രേഖാചിത്രീകരണത്തിനും സാഹിത്യം നൽകുന്നുവെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു.
മാധ്യമം ആഴ്ചപ്പതിപ്പ് തനിക്ക് തന്ന അവസരങ്ങൾ വലുതായിരുന്നുവെന്ന് പ്രശസ്തചിത്രകാരി കബിത മുഖോപധ്യായ പറഞ്ഞു. എഴുത്തുകാരെ പോലെ തന്നെ ചിത്രകാരൻമാർക്കും പരിഗണന നൽകിയതാണ് മാധ്യമത്തിന്റെ സവിശേഷതയായി അനുഭവപ്പെട്ടത്. ചിത്രകാരി മാത്രമായി ജീവിക്കൽ എളുപ്പമല്ല. എങ്കിലും സാഹിത്യ സൃഷ്ടിയെ പിന്തുണച്ച് ഉദാരമായ ആവിഷ്കാരങ്ങൾ നടത്താൻ സാധിക്കുന്നത് ചിത്രകാരി എന്ന നിലയിൽ സന്തോഷം ലഭിക്കുന്ന കാര്യമാണ്. വാക്കിനും ചിത്രത്തിനും ഒരുപോലെ പരിഗണന നൽകിയ മാധ്യമത്തിന്റെ ജനാധിപത്യസമീപനം സ്വാഗതാർഹമാണ്. പ്രസിദ്ധീകരണങ്ങളിലൂടെയാണ് കലാകാരന് കൂടുതൽ അംഗീകാരങ്ങൾ ലഭിക്കുന്നത് എന്ന് ചിത്രകാരൻ കെ. സുധീഷ് അഭിപ്രാ
യപ്പെട്ടു. ഗാലറിയേക്കാൾ വലിയ സാധ്യതയാണ് പ്രസിദ്ധീകരണങ്ങൾ നൽകുന്നത്. നമ്പൂതിരിക്ക് മുമ്പുള്ള പല മികച്ച ചിത്രകാരൻമാരും വേണ്ടത്ര ആഘോഷിക്കപ്പെടാതെ പോയത് അവർക്ക് പ്രസിദ്ധീകരണങ്ങളുടെ അവസരങ്ങൾ ഇല്ലാത്തതിനാലായിരിക്കാം.
പുതിയ കാലത്ത് എഴുത്തുകാർ ചിത്രകാരൻമാരെ തെഞ്ഞെടുക്കുന്ന പ്രവണത തന്നെയുണ്ട്. പലപ്പോഴും അപൂർണമായ കഥാരചനയെ പൂർണമാക്കുന്നതിൽ ചിത്രങ്ങൾ വലിയ പങ്കുവഹിക്കുന്നതായും സുധീഷ് അഭിപ്രായപ്പെട്ടു.
രേഖചിത്രം എന്ന കല അച്ചടിയിലെ സാങ്കേതിക പരിമിതികളെ മറികടക്കാൻ ഉപയോഗിച്ച സങ്കേതമായിരുന്നുവെന്ന് ചിത്രകാരൻ സുധീഷ് കോട്ടേമ്പ്രം അഭിപ്രായപ്പെട്ടു. പുതിയ കാലത്ത് പ്രിന്റിംഗ് ടെക്നോളജിയിലുണ്ടായ പുരോഗതി ചിത്രകലക്ക് പ്രസിദ്ധീകരണങ്ങളിൽ പുതിയ സാധ്യതകൾ തുറന്നു തരുന്നു. വാക്കുകൾക്ക് ലഭിക്കുന്ന ആധികാരികത ഏതാണ്ട് ചിത്രത്തിനും ലഭിക്കുന്ന അവസ്ഥയിലേക്ക് കാലം എത്തിയിരിക്കുന്നുവെന്നും സുധീഷ് കോട്ടേമ്പ്രം അഭിപ്രായപ്പെട്ടു. വി. മുസഫർ അഹമ്മദ് മോഡറേറ്ററായിരുന്നു. രേഖാചിത്രങ്ങളും ഫോട്ടോഗ്രാഫുകളും ചേരുമ്പോഴാണ് മികച്ച മാഗസിൻ രൂപപ്പെടുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.