സില്‍വര്‍ ലൈന്‍: സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നു; അലോക് കുമാര്‍ വര്‍മ്മയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത് -വി.ഡി.സതീശൻ

തിരുവനന്തപുരം: സിൽവർ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി സതീശൻ. പഠനത്തിനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഏജന്‍സിയുടെ തലവന്‍ അലോക് വര്‍മ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്. ലിഡാര്‍ സര്‍വെ എന്നത് തട്ടിക്കൂട്ടിയ സര്‍വെ എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് നേരത്തെ തന്നെ പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞ കാര്യമാണ്. ഏരിയല്‍ സര്‍വെ നടത്തിയാല്‍ ഒരിക്കലും കൃത്യമായ വിവരങ്ങള്‍ ലഭിക്കില്ല. എത്ര വീടുകള്‍ പൊളിക്കേണ്ടി വരും? എത്ര പേരെ കുടിയൊഴിപ്പിക്കേണ്ടി വരും? എന്തെല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടാകും തുടങ്ങിയ കാര്യങ്ങളൊക്കെ നേരിട്ട് നടത്തുന്ന സര്‍വെയിലൂടെയാണ് വ്യക്തമാകുക.

ലിഡാര്‍ സര്‍വെ ആധാരമാക്കി തയ്യാറാക്കിയിരിക്കുന്ന റിപ്പോര്‍ട്ട് അടിസ്ഥാനമില്ലാത്തതാണ്. മാത്രമല്ല സര്‍ക്കാര്‍ പറയുന്ന തുകയല്ല പദ്ധതിക്ക് വേണ്ടിവരിക, ഒരു ലക്ഷത്തിലധികം കോടി രൂപയാണ് പദ്ധതിക്ക് ചിലവ് വരിക എന്നാണ് സിസ്ട്രയുടെ തലവന്‍ പറയുന്നത്. നീതി ആയോഗ് പറയുന്നത് 1.24 ലക്ഷം കോടി ചിലവ് വരുമെന്നാണ്. എന്നാല്‍ ഇത് 2018ലെ കണക്കാണ്. ഇത് യാഥാര്‍ത്ഥ്യമാകുമ്പോള്‍ രണ്ട് ലക്ഷം കോടി കടക്കും. വ്യക്തമായ ഒരു റിപ്പോര്‍ട്ട് പോലും ഇല്ലാതെയാണ് സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. പാരിസ്ഥികാഘാത പഠനം നടത്തിയിട്ടില്ല, സാമൂഹികാഘാത പഠനം നടത്തിയിട്ടില്ല, കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ല, നേരായ രീതിയില്‍ സര്‍വെ നടത്തിയിട്ടില്ല.

സര്‍ക്കാര്‍ ഇതുവരെ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മുഴുവനും ജനങ്ങളേയും ഇരകളായി മാറുന്ന പാവങ്ങളേയും കബളിപ്പിക്കുന്നതിന് വേണ്ടിയിട്ടുള്ള പദ്ധതിയാണ്. അതുകൊണ്ടുതന്നെ ഇതില്‍ നിന്ന് സര്‍ക്കാര്‍ അടിയന്തിരമായി പിന്മാറണം. ഈ മാസം 18 ന് പത്ത് ജില്ലാ കളക്ടറേറ്റുകളിലേക്കും സെക്രട്ടേറിയറ്റിലേക്കും യു.ഡി.എഫ് നടത്തുന്ന മാര്‍ച്ച് സില്‍വര്‍ ലൈനിന് എതിരായ സമര പരമ്പരകളുടെ തുടക്കമായിരിക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.

പ്രതിപക്ഷം ഉന്നയിച്ച ഒരു ചോദ്യത്തിന് പോലും മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടില്ല. പിണറായി വിജയന്‍, 16 വര്‍ഷം വികസനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഒരു പാര്‍ട്ടിയുടെ സെക്രട്ടറിയായിരുന്നു. ഇപ്പോള്‍ നല്ലപിള്ള ചമയാന്‍ ശ്രമിക്കുകയാണ്. ഇപ്പോള്‍ മോദിയുടെ ശൈലിയാണ് പിന്തുടരുന്നത്. ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയാല്‍ പ്രതിപക്ഷവും പദ്ധതിയെ പിന്തുണയ്ക്കും. നിയമസഭയ്ക്കുള്ളിലും പുറത്തും ഒരു ചോദ്യത്തിനും മറുപടി നല്‍കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി.

വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള നിയമം പാസാക്കിയപ്പോള്‍ ലഡു വിതരണം നടത്തിയവരാണ് ഇപ്പോള്‍ ഒരു വാശിയും ഇല്ലെന്നു പറയുന്നത്. അന്നും ഇന്നും യു.ഡി.എഫ് ഇക്കാര്യത്തില്‍ ഒരു നിലപാടാണ് സ്വീകരിച്ചത്. തെറ്റായകാര്യങ്ങള്‍ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത് സതീശൻ പറഞ്ഞു.

Tags:    
News Summary - Silver Line: Government deceives people; Alok Kumar Verma's revelation shocking - VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.