കോട്ടയം: സിൽവർ ലൈൻ പദ്ധതിക്ക് യാത്രക്കാരെ കിട്ടില്ലെന്ന് ഫ്രഞ്ച് കമ്പനിയായ സിസ്ട്രയുടെ ട്രാഫിക് സർവേ റിപ്പോർട്ട്. പദ്ധതി നടപ്പാക്കുന്ന കെ-റെയിലിനുവേണ്ടി 2019ൽ സിസ്ട്ര നടത്തിയ സാധ്യത പഠനത്തിന്റെ ഭാഗമായാണ് റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ, ഈ വിവരം ഇപ്പോൾ മാത്രമാണ് പുറത്തുവരുന്നത്.
തിരുവനന്തപുരത്തിനും കാസർകോടിനുമിടയിൽ നിലവിൽ ട്രെയിൻ യാത്രചെയ്യുന്നവരിൽ 4.3 ശതമാനം പേരേ അർധ അതിവേഗ(സെമി ഹൈസ്പീഡ്) റെയിലിലേക്ക് മാറൂവെന്നാണ് സർവേയിൽ കണ്ടെത്തിയിരിക്കുന്നത്. തിരുവനന്തപുരം-കാസർകോട് റെയിൽ പാതയിൽ പ്രതിദിനം യാത്രചെയ്യുന്നവരുടെ എണ്ണം 73,000 ആണെന്നും അതിൽ 30 ശതമാനത്തിൽ താഴെ മാത്രമാണ് എ.സി, ഫസ്റ്റ് ക്ലാസ്, ചെയർകാർ, സ്ലീപ്പർ എന്നിവയിൽ യാത്രചെയ്യുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കെ.എസ്.ആർ.ടി.സി ദീർഘദൂര ബസുകളെ ആശ്രയിക്കുന്നവരിൽ 15 ശതമാനം മാത്രമാണ് സൂപ്പർ എക്സ്പ്രസ് അടക്കം ബസുകളിൽ യാത്ര ചെയ്യുന്നത്. തിരുവനന്തപുരം- കാസർകോട് റൂട്ടിലെ ദീർഘദൂര യാത്രക്കാരിൽ 21.8 ശതമാനം പേർ ഒരുകാരണവശാലും നിലവിലെ സംവിധാനങ്ങളിൽനിന്ന് മാറില്ലെന്ന് സർവേയിൽ പ്രതികരിച്ചു. മറ്റൊരു 31.2 ശതമാനം യാത്രക്കാർ നിലവിലെ യാത്രസംവിധാനങ്ങളിൽ തുടരുമെന്നും 19.9 ശതമാനം തീരുമാനമെടുത്തിട്ടില്ലെന്നും 14.4 ശതമാനം പ്രതികരണത്തിനില്ലെന്നും വ്യക്തമാക്കി. റിപ്പോർട്ട് സാധ്യത പഠനത്തിൽ വിശദീകരിച്ചിട്ടുണ്ട്.
87.3 ശതമാനം യാത്രികർക്ക് അതിവേഗ പാത ആവശ്യമില്ല. ബാക്കി 12.7 ശതമാനം പേരിൽ 8.3 ശതമാനം പേർ പദ്ധതി പരീക്ഷിച്ചുനോക്കാമെന്ന നിലപാടുള്ളവരാണ്. ഫലത്തിൽ 4.3 ശതമാനം പേർ മാത്രമാണ് സിൽവർലൈൻ ഉപയോഗിക്കുമെന്ന് പറഞ്ഞിട്ടുള്ളത്. തിരുവനന്തപുരം- കൊല്ലം റൂട്ടിൽ ആറ്റിങ്ങലിലും എം.സി റോഡിൽ ചെങ്ങന്നൂരിലും ദേശീയപാതയിൽ കരുനാഗപ്പള്ളിയിലും കോട്ടയം-കൊച്ചി റൂട്ടിൽ ഏറ്റുമാനൂരിലും കൊല്ലം-കൊച്ചി റൂട്ടിൽ ചേർത്തലയിലും കൊച്ചി-തൃശൂർ റൂട്ടിൽ കറുകുറ്റിയിലും വളാഞ്ചേരി-കോഴിക്കോട് റൂട്ടിൽ ഫറോക്കിലും കോഴിക്കോട്-കണ്ണൂർ റൂട്ടിൽ കൊയിലാണ്ടിയിലും കണ്ണൂർ-കാസർകോട് റൂട്ടിൽ ഉദുമയിലും കാസർകോട്-മംഗളൂരു റൂട്ടിൽ ഹസ്സൻഗിരിയിലുമാണ് സിസ്ട്ര വിശദ ട്രാഫിക് സർവേ നടത്തിയത്. അഞ്ചുവർഷം സർവിസ് നടത്തിയിട്ടും പ്രതീക്ഷിച്ച യാത്രക്കാരിൽ 25 ശതമാനംപോലും കിട്ടാത്ത കൊച്ചി മെട്രോയെക്കാൾ ദുരന്തമാകും കെ-റെയിൽ എന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.